തിരുവനന്തപുരം ചിറയൻകീഴ് ഒരേ ദിവസം നടന്ന രണ്ട് കൊലപാതക കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുതുക്കി സ്വദേശി ബിനു, കിഴുവിലം സ്വദേശി നിസാർ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതാം തീയതിയാണ് ചിറയിൻകീഴ് പുതുക്കി സ്വദേശി ബിനു, കിഴുവിലം തെന്നൂർകോണത്ത് നിസാർ എന്നിവർ കൊല്ലപ്പെട്ടത്. ബിനുവിനെ കൊലപ്പെടുത്തിയ കേസിൽ പുളിമുട്ടിൽക്കടവ് സെനിൽ, വടക്കേ അരയതുരുത്തിൽ കിരൺ ബാബു എന്നിവരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ബിനുവും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കിഴുവിലം തെന്നൂർകോണത്ത് നിസാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുറക്കട സ്വദേശി അജിത്ത്, കിഴുവിലം സ്വദേശി അനീഷ് എന്നിവരെയും അറസ്റ്റ് ചെയ്തു.
കൊലപാതകത്തിനു ശേഷം ഒളിവിൽപോയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഒരേ ദിവസം രണ്ട് കൊലപാതകങ്ങൾ നടന്നത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു.
