മറയൂരില്‍ വനപാലകരെ ആക്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. ചന്ദന മാഫിയ സംഘത്തില്‍പ്പെട്ട പാളപ്പെട്ടി കോളനി നിവാസികളാണ് മറയൂര്‍ പൊലീസിന്റെ പിടിയിലായത്.

മറയൂര്‍ചന്ദന ഡിവിഷനിലെ വനപാലകനായ രാജുവിനെയും താല്‍ക്കാലിക വാച്ചറായ ശേഖറെയും ഭാര്യ പുനിതയേയും ആക്രമിച്ച കേസിലെ പ്രതികളായ പാളപ്പെട്ടി കോളനി നിവാസികളായ കുപ്പന്‍, ബിനു, ഉണ്ണികൃഷ്ണന്‍, വിമല്‍, അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കോവില്‍കടവില്‍ നിന്നു വനത്തിലൂടെ കോളനിയിലേക്കു പോകുന്നതിനിടെയാണ് വനപാലകര്‍ക്കു നേരെ ആക്രണമുണ്ടായത്.  കമ്പിവടി തുടങ്ങി ആയുധങ്ങളുപയോഗിച്ചുളള ആക്രമണത്തില്‍ തലക്കടക്കം ഗുരുതരമായ് പരിക്കേറ്റ രാജുവും ശേഖറും കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുളളത്. ആക്രമണത്തിനു ശേഷം മുങ്ങിയിരുന്ന പ്രതികളെ അടിമാലി ടൗണില്‍ നിന്നാണ് മറയൂര്‍ എസ്ഐ ലാല്‍.സി.ബേബിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ചന്ദന കൊള്ളകളെ കുറിച്ച് വനംവകുപ്പുദ്യാഗസ്ഥര്‍ക്കു വിവരം നല്‍കുന്നതായ തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പരുക്കേറ്റവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുളളത്. പ്രതികളായ അഞ്ചു പേരും നിരവധി ചന്ദന മോഷണ കേസുകളിലും പ്രതികളാണ്. പക്ഷെ വനംവകുപ്പുദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ തയ്യാറായിരുന്നില്ലെന്നും ആരോപണമുണ്ട്.