കോഴിക്കോട് കുന്ദമംഗലത്ത് എഴുനൂറിലധികം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവ വില്‍ക്കുന്ന രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

മയക്കുമരുന്ന് ഗുളികകളായ നൈട്രോസെപാം 741 എണ്ണമാണ് കോഴിക്കോട് കുന്ദമംഗലം എക്‌സൈസ് സംഘം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അരുണ്‍, പൊറ്റമ്മല്‍ സ്വദേശി ശരണ്‍ എന്നിവരെയാണ് പിടികൂടിയത്. മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ശരണ്‍.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തുന്നത്. അരുണ്‍ എന്‍ഐടി കേന്ദ്രീകരിച്ചും ശരണ്‍ മീഞ്ചന്ത ആര്‍ട്സ് കോളേജ് കേന്ദ്രീകരിച്ചുമാണ് മയക്കുമരുന്ന് ഗുളികകള്‍ കച്ചവടം നടത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളും ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

മയക്കുമരുന്ന് വില്‍പ്പനക്കാരായ രണ്ട് പേരേയും കുന്ദമംഗലം എക്‌സൈസ് പിടികൂടി. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കുറ്റിക്കൂട്ടൂര്‍ സ്വദേശി ഇസ്മയില്‍, പാലങ്ങാട് സ്വദേശി സല്‍മാന്‍ ഫായിസ് എന്നിവരാണ് പിടിയിലായത്.

ഈ കേസുകളുമായി ബന്ധപ്പെട്ട രണ്ട് മോട്ടോര്‍ സൈക്കിളുകളും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.