മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ട യുവതിയെ കാമുകൻ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ്

തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ശ്രീജയുടെ കാമുകൻ അനിൽകുമാറും സുഹൃത്ത് രാജീവുമാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞമാസം 25-നായിരുന്നു സംഭവം. ശ്രീജയും അനിൽകുമാറും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനിൽകുമാറിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ശ്രീജ പരാതി പറഞ്ഞതോടെ ഇരുവർക്കുമിടയിൽ കലഹം ആരംഭിക്കുകയായിരുന്നു. വാക്കുതർക്കം മൂത്തതോടെ അനിൽ കുമാർ ശ്രീജയെ മർദ്ദിച്ചു. മർദ്ദനമേറ്റ് ബോധമറ്റ ശ്രീജയെ ഇയാൾ ശ്രീജയുടെ വീട്ടിലെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. 

പിന്നീട് നാട്ടുകാർ എത്തി ശ്രീജയെ കിണറ്റിൽ ജീവനോടെ പുറത്തെടുക്കുകയും തിരുവനന്തപുരം മെഡി.കോളേജിലെത്തിക്കുകയും ചെയ്തു. അവിടെ ​ഗുരുതരാവസ്ഥയിൽ തുടർന്ന ശ്രീജ എട്ടാം തിയതിയാണ് മരിച്ചത്. കൊലപാതകത്തിന് അനിൽകുമാറിനെ സഹായിച്ചതിനാണ് രാജീവിനെതിരെ കേസെടുത്തത്. ഇരുവരെയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.