പാലക്കാട് എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേര്‍ പിടിയിൽ. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഒരു പ്രതി ഓടി രക്ഷപ്പെട്ടു.
പാലക്കാട്: പാലക്കാട് എ ടി എം തകർത്ത് പണം മോഷ്ടിക്കാൻ നടത്താന്‍ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പ്രതി അടക്കം രണ്ട് പേർ പിടിയിൽ. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരാണ് എ ടി എം മോഷണ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് പാലക്കാട് ശേഖരപുരത്തെ സിൻഡിക്കേറ്റ് ബാങ്കിന്‍റെ എ ടി എം തകർത്ത് പണം കവരാൻ പ്രതികൾ ശ്രമിച്ചത്. ആയുധങ്ങൾ ഉപയോഗിച്ച് എ ടി എം തകർത്ത പ്രതികൾക്ക് പണം കവർച്ച ചെയ്യാൻ സാധിച്ചില്ല. ഒരു മണിക്കൂർ നീണ്ട ശ്രമം കൗണ്ടറിലെ സേഫ്റ്റി അലാം മുഴങ്ങിയതോടെ മൂവരും ഉപേക്ഷിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്നും എ ടി എം കൗണ്ടറിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തമിഴ്നാട് സേലം സ്വദേശിയായ പത്തൊമ്പൊത് വയസ്സുള്ള മാധവനാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഒരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. ഓടി രക്ഷപ്പെട്ട ആള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. എ ടി എം മോഷണ ശ്രമം ഉപേക്ഷിച്ച ശേഷം മൂവരും മലമ്പുഴയിലെ ഒരു ബേക്കറിയിൽ നിന്നും പണം കവരുകയും ചെയ്തു. ഇവർ തമിഴ്നാട്ടിലും നിരവധി എ ടി എം മോഷണ കേസുകളിൽ പ്രതികളാണ്.
