കൊച്ചി: കെ എസ് ആര്‍ ടി സി ബസ്സിന്റെ ചില്ല് തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസിൽ നാലു പേരെ നോർത്ത് പറവൂർ പോലീസ് പിടികൂടി. ഉത്രാടം നാളിൽ പറവൂർ -ചാത്തനാട് റോഡിൽവെച്ചായിരുന്നു ആക്രമണം.

ഉത്രാടം നാളിൽ രാത്രി പത്തരയ്ക്കാണ് ചാത്തനാട് പളളിയാക്കൽ പളളിക്ക് സമീപം വെച്ച് കെഎസ് ആർടിസി ബസ് ആക്രമിച്ചത്.രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.ബസിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ച് തകർത്തു.ആക്രമണം തടയാൻ ശ്രമിച്ച ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചസംഘം പോലീസ് എത്തുന്നതിന് മുൻപേ കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ചാത്തനാട് ഭാഗത്തേക്കുളള സർവ്വീസ് കെഎസ്ആർടിസി നിർത്തി. റൂറൽ ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്റെ നി‍ർദേശത്തെത്തുടർന്ന് പോലീസ് ഊ‍ർജിത അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.ചെറായി സ്വദേശികളായ ജയൻ,അമൽജിത്ത്,ആഷിഖ് ആനന്ദ്,ആഷിക് കെ ബാബു എന്നിവരാണ് കേസിൽ പിടിയിലായത്.പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു