കുമരകം: എസ്ഐയുടെ തൊപ്പിവച്ച് സെൽഫി പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ സിപിഎം സസ്പെന്‍റ് ചെയ്തു. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായപ്പോൾ സ്റ്റേഷനിൽ വച്ച് സെൽഫി എടുത്തുവെന്നാണ് ബിജെപിയുടെ ആരോപണം.
കഴിഞ്ഞ ദിവസം കുമരകത്ത് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയെയും ബിഎംഎസ് നേതാവിനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പിൽ അമ്പിളി എന്ന് വിളിക്കുന്ന മിഥുൻ എസ്ഐയുടെ തൊപ്പി വച്ച് എടുത്ത സെൽഫിയാണ് വിവാദമായിരിക്കുന്നത്.
ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരിയാണ് സാമുഹ്യമാധ്യമങ്ങളിലൂടെ സെൽഫി പുറത്ത് വിട്ടതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി അന്വേ,ണത്തിന് ഉത്തരവിട്ടു. ഇതേ തുടർന്നാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ അമ്പിളിക്കെതിരെ പാർട്ടി നടപടി എടുത്തത്.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമബോർഡ് ജില്ലാ കോഡിനേറ്ററുമാണ് മിഥുൻ.
സംഘർഷത്തെ തുടന്ന് അറസ്റ്റ് ചെയ്ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെയും ബിജെപി രംഗത്തെത്തി. കോട്ടയത്ത് നടന്ന ഉഭയകക്ഷിചർച്ചകൾക്ക് ശേഷമാണ് കുമരകത്ത് മിഥുന്‍റെ നേതൃത്വത്തിൽ സംഘർഷമുണ്ടായത്. എന്നാൽ ഇത് പ്രാദേശികപ്രശ്നം മാത്രമാണെന്ന് സിപിഎം വിശദീകരിച്ചു.
