ദില്ലി: നോട്ട് നിരോധനത്തിന്‍റെ വാർഷികത്തലേന്ന് വാക്പോരുമായി മൻമോഹൻ സിംഗും അരുൺജെയ്റ്റലിയും. നോട്ട് നിരോധനവും ജി.എസ്.ടിയും
സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണെന്ന് മൻമോഹൻസിംഗ് പറഞ്ഞു. കൊള്ള യുപിഎ കാലത്തായിരുന്നുവെന്ന് ജെയ്റ്റ്‍ലി തിരിച്ചടിച്ചു.
നോട്ട് നിരോധനം ഓര്‍മ്മപ്പെടുത്തി നവംബര്‍ 8 വീണ്ടും എത്തുമ്പോൾ വാക്പോരുകൾ മുറുകുകയാണ്. ഗുജറാത്തിൽ വ്യാപാരികളെ അഭിസംബോധന ചെയ്തുകൊണ്ട് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് തന്നെ നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും വിമര്‍ശിച്ച് രംഗത്തെത്തി. വീണ്ടുവിചാരമില്ലാത്ത തീരുമാനമാണ് നോട്ട് നിരോധനത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടത്.
അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ജനങ്ങളെയാകെ കള്ളന്മാരും രാജ്യദ്രോഹികളുമായി കാണുന്ന രീതി ജനാധിപത്യ സംവിധാനത്തിൽ യോജിച്ചതല്ലെന്നും മൻമോഹൻസിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കൽ നൈതികവും ധാര്‍മ്മികവുമായ ശരിയായ തീരുമാനമായിരുന്നുവെന്ന് മൻമോഹൻ സിംഗിനുള്ള മറുപടിയിൽ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പറഞ്ഞു.
സാമ്പത്തികരംഗത്തെ ഘടനപരമായ മാറ്റമാണ് നടക്കുന്നത്. അപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ സ്വാഭാവിമാണ്. അഴിമതി നടത്തുന്നത് തടയാനും, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാനും നോട്ട് അസാധുവാക്കലിലൂടെ സാധിച്ചെന്നും ജയ്റ്റ് ലി അവകാശപ്പെട്ടു. നോട്ട് അസാധുവാക്കലിന്‍റെ വാര്‍ഷികദിനമായ നാളെ വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ പാര്‍ടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനെ ചെറിക്കാൻ ബി.ജെ.പിയും പ്രചരണ പരിപാടികൾ നടത്തുന്നുണ്ട്.
