സിബിഐ മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ അലോക് വര്‍മ്മയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സിവിസി അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 23--ന് ചുമതലയേറ്റ നാഗേശ്വരറാവു സിബിഐയില്‍ നടത്തിയ അഴിച്ചു പണികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.  

ദില്ലി:സിബിഐയിലെ ആഭ്യന്തര പ്രശ്നത്തിൽ സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അരുൺ ജെയ്റ്റ്‍ലി. സിബിഐയിലെ അഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ഇന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സിബിഐയിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചുപണി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. 

സിബിഐയുടെ വിശ്വാസ്യത നിലനിറുത്താൻ കോടതി ഇടപെടൽ സഹായിക്കും.കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും അരുൺ ജെയ്റ്റ‍്‍ലി പറഞ്ഞു. സിബിഐ മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ അലോക് വര്‍മ്മയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സിവിസി അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 23--ന് ചുമതലയേറ്റ നാഗേശ്വരറാവു സിബിഐയില്‍ നടത്തിയ അഴിച്ചു പണികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 

അര്‍ധരാത്രി സിബിഐ മേധാവിയെ മാറ്റിയതടക്കമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ സുപ്രീംകോടതി റദ്ദാക്കാഞ്ഞത് സര്‍ക്കാരിന് ആശ്വാസമാണെങ്കിലും അന്വേഷണം പൂര്‍ണമായും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാക്കിയ നടപടി ശ്രദ്ധേയമാണ്. അടുത്ത ജനുവരിയിലാണ് അലോക് വര്‍മ്മ സ്ഥാനമൊഴിയുന്നത് എന്നതിനാല്‍ അതുവരെ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയാണ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശം വഴി സുപ്രീംകോടതി ഇല്ലാതാക്കിയത്.