ദില്ലി: വരുന്ന ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്താന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചീഫ് സെക്രട്ടറി എം.എം കുട്ടിക്ക് നിര്‍ദ്ദേശം നല്‍കി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍റെ വിശ്വാസത ചോദ്യം ചെയ്ത് മായവതിക്ക് ശേഷം രംഗത്ത് എത്തുന്ന പ്രമുഖ രാഷ്ട്രീയ നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. വോട്ടിംഗ് മെഷീന്‍ മാറ്റി പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസ് അധ്യഷന്‍ അജയ് മാക്കനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് വോട്ടര്‍മാര്‍ തന്നെ സംശയം ഉന്നയിച്ചിരുന്നതായി അജയ് മാക്കന്‍ പറഞ്ഞു. 

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വന്‍ വിജയത്തിന് പിന്നാലെ ബി.എസ്.പി അധ്യക്ഷ മായാവതിയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്ത് വന്നത്. അതേസമയം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരണമെന്ന ആവശ്യത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നു. 

കെജ്രിവാളിന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിശ്വാസമില്ലെിങ്കില്‍ എ.എ.പി വന്‍ വിജയം നേടിയ കഴിഞ്ഞ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം റദ്ദാക്കി വീണ്ടും വോട്ടിംഗ് നടത്താന്‍ അദ്ദേഹം ആവശ്യപ്പെടുമോയെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി ചോദിച്ചു.