അഹമ്മദാബാദ്: ഗുജറാത്തിലെ ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നടന്ന ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്ത ശേഷം അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കാനുള്ള കാരണം പോലിസ് വ്യക്തമാക്കിയിട്ടില്ല.
അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്ക് മേവാനിയെ മാറ്റിയതായാണ് റിപ്പോർട്ട്. ഗുജറാത്ത് കേന്ദ്രമായി ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി. ഗുജറാത്തിലെ ഉന സംഭവത്തിന് ശേഷം നടന്ന ദളിത് പ്രക്ഷോഭത്തിന് ചുക്കാന്‍ പടിച്ചത് 35കാരനായ മേവാനിയായിരുന്നു.
പ്രദീക് സിന്‍ഹ എന്നീ ദളിത് നേതാക്കളുടെ നേതൃത്വത്തിലാണ് ദളിതുകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ 400 കിലോമീറ്റര്‍ ജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നത്. ഗുജറത്തിലെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ 'അസ്മിത യാത്ര'ക്കും ജിഗ്നേഷ് നേതൃത്വം നല്‍കിയിരുന്നു. ജന്‍മദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് മേവാനിയുടെ അറസ്റ്റെന്നതും ശ്രദ്ധേയമാണ്.
