'നിങ്ങള്‍ നിങ്ങളുടെ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം' പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് ഇതാണെന്നും ഒവൈസി

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അസദുദ്ദീൻ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ആക്രമണം ഉണ്ടായി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് ഇതാണ് നിങ്ങള്‍ നിങ്ങളുടെ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം. മുംബൈയില്‍ നടന്ന ഒരു റാലിയിലാണ് പാക്കിസ്ഥാനെതിരെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം)നേതാവ് ഒവൈസിയുടെ രൂക്ഷ വിമര്‍ശനം. 

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഒവൈസി ആരോപിച്ചു. പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റിനും ആര്‍മിക്കും രഹസ്യാന്വേഷണ ഏജന്‍സിക്കും ഐഎസ്ഐക്കും ആക്രമണത്തിന് പിന്നില്‍ പങ്കുണ്ട്. ആക്രമണത്തില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ പങ്കിനെക്കുറിച്ചും ഒവൈസി സംസാരിച്ചു. 

പ്രവാചകന്‍ മുഹമ്മദിന്‍റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ ജയ്ഷെ മുഹമ്മദല്ല, ജയ്ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്‍റെ ശിഷ്യനാണ്. ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു. ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാക്കിസ്ഥാന്‍ ദുഖിക്കേണ്ട. 

ജിന്നയുടെ തീരുമാനത്തെ എതിര്‍ത്ത് സ്വന്തം തീരുമാനപ്രകാരം ഇവിടെ തുടര്‍ന്നവരാണ് അവര്‍. ഇന്ത്യയിലെ പള്ളികളില്‍ നിന്ന് പ്രാര്‍ത്ഥനാ മണി മുഴങ്ങുന്നത് നിര്‍ത്തുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ എനിക്കവരോട് പറയാനുള്ളത് ഇതാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും. ഞങ്ങളുടെ രാജ്യത്തിന്‍റെ ഈ മനോഹാരിതയില്‍ പാക്കിസ്ഥാന് അസൂയയാണ്. ജനങ്ങള്‍ ഇവിടെ ഒന്നാണെന്നും ഒവൈസി പറഞ്ഞു.