Asianet News MalayalamAsianet News Malayalam

'നിങ്ങളുടെ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ വരേണ്ട'; രാംദേവിന് മറുപടിയുമായി ഉവൈസി

ആര്‍എസ്എസും സംഘപരിവാറും ഇത്തരം പ്രസ്താവനകള്‍ എപ്പോഴും നടത്താറുണ്ട്. തങ്ങളുടെ പൂര്‍വീകരോട് ആരും മുസ്ലിം ആകണമെന്ന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ഉവൈസി വ്യക്തമാക്കി

asaduddin-owaisi- reply to baba ramdev
Author
Delhi, First Published Feb 9, 2019, 6:18 PM IST

ദില്ലി: ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂർവ്വികനാണെന്നുള്ള ബാബാ രാംദേവിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍  മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസങ്ങളുണ്ടായിരിക്കും. അത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് ഉവൈസി പറഞ്ഞു. 

ആര്‍എസ്എസും സംഘപരിവാറും ഇത്തരം പ്രസ്താവനകള്‍ എപ്പോഴും നടത്താറുണ്ട്. തങ്ങളുടെ പൂര്‍വീകരോട് ആരും മുസ്ലിം ആകണമെന്ന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ഉവൈസി വ്യക്തമാക്കി. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് ​ന​ഗരത്തിലെ ശാന്ത്റം ക്ഷേത്രത്തിൽ സംഘടിപ്പിച്ച യോഗ ശിബിർ എന്ന പരിപാടിയിലായിരുന്നു രാംദേവിന്‍റെ പ്രസ്താവന.

'അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് തന്നെയാണ് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത്. അയോധ്യയില്‍ അല്ലാതെ മറ്റെവിടെ ക്ഷേത്രം നിര്‍മ്മിക്കും? അത് മക്കയിലോ മദീനയിലോ അല്ലെങ്കിൽ വത്തിക്കാൻ സിറ്റിയിലോ വരില്ലെന്നത് വ്യക്തമാണ്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതില്‍ ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിമുകളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം'- രാംദേവ് പറഞ്ഞു.

രാമക്ഷേത്രം രാഷ്ട്രത്തിന്റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേ സമയം രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷിയും രംഗത്തെത്തി.

ബാബ രാംദേവിനെപ്പോലുള്ളവർ ബിജെപിയുടെ ഗുണഭോക്താക്കളാണെന്നും അത്തരത്തിലുള്ളവർ പൊതു തെരഞ്ഞെടുപ്പടുത്തിരിക്കെ മോദിയെയും ബിജെപിയെയും സഹായിക്കാന്‍ വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും മനീഷ് ദോഷി പറഞ്ഞു.

Follow Us:
Download App:
  • android
  • ios