പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം 

ജോധ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സ്വാമി ആസാറാം ബാപ്പുവിന് ജീവപര്യന്തം. അനുയായികളായ രണ്ട് പ്രതികൾക്ക് 20 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ബാപ്പുവടക്കം മൂന്നു പ്രതികൾ കുറ്റക്കാരെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആസാറാം ബാപ്പു കുറ്റക്കാരനെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യ അതീവ ജാഗ്രതയിലാണുള്ളത്‍.രാജസ്ഥാനടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷശക്തമാക്കി. ആസാറാം ബാപ്പുവിന്‍റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

ദേരസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് എതിരായ കോടതി വിധിക്ക് ശേഷമുണ്ടായ കലാപത്തില്‍ 35പേര്‍ മരിച്ചിരുന്നു.സമാന ആക്രമണ സാധ്യത കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയത്. ജോധ്പൂര്‍ ജയിലിനും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം മുപ്പത് വരെ നിരോധനാജ്ഞ തുടരും. ജോധ്പൂറിന് സമീപത്തെ ആസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ നിന്ന് അനുയായികളെ പൊലീസ് ഒഴിപ്പിച്ചു. ഡ്രോണ്‍ ക്യാമറാ നിരീക്ഷണത്തിലായിരുന്നു ജോധ്പൂര്‍ ജയില്‍ പരിസരം. ആസാറാമിന്‍റെ അനുയായികള്‍ കൂടുതലുള്ള മധ്യപ്രദേശ്,ഹരിയാന,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സുരക്ഷ.

ആസാറാം ബാപ്പുവിന്‍റെ ആശ്രമങ്ങള്‍ എല്ലാം കന്നത്ത പൊലീസ് കാവലിലാണ്. പ്രതിഷേധങ്ങളിലേക്ക് കടക്കരുതെന്ന് ആസാറാം ബാപ്പു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചില അനുയായികള്‍ പ്രതികരിച്ചു.ആശ്രമത്തിന് പുറത്തേക്ക് അനുയായികള്‍ കൂട്ടമായി കടക്കുന്നത് തടയാന്‍ പ്രവേശന കവാടങ്ങളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് സുരക്ഷ ശക്തമാക്കി.കോടതി വിധി വരുന്നതിന് മുന്‍പ് ആസാറാമിനായി പ്രത്യേക പ്രാര്‍ത്ഥനകളും രാജ്യത്തെമ്പാടുമുള്ള ആശ്രമങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.