Asianet News MalayalamAsianet News Malayalam

16 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അസാറാം ബാപ്പു കുറ്റക്കാരന്‍

  •  ആള്‍ദൈവം അശാറാം ബാപ്പുവും നാലു പ്രതികളും കുറ്റക്കാർ
Asaram Bapu convicted of raping minor girl at his Jodhpur

ഭോപ്പാല്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അശാറാം ബാപ്പു കുറ്റക്കാരന്‍. അസാറാം ബാപ്പു തടവിലുള്ള ജോഥ്പൂര്‍ ജയിലിലെ പ്രത്യേക കോടതിയുടെതാണ് വിധി. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ജീവ പര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണിത്. ആസാറാമിനു പുറമേ നാലു സഹായികളും കേസില്‍ പ്രതികളാണ്. ആശ്രമത്തിലെ വാര്‍ഡനായ സംഗീത ഗുപ്ത, പാചകക്കാരന്‍ പ്രകാശ്, ശിവ, ശരത്ച്ചന്ദ്ര എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പ്രധാന തെളിവായെടുത്തു. വിധിയില്‍ സന്തോഷമുണ്ടെന്നും പെണ്‍കുട്ടി അന്നത്തെ അനുഭവങ്ങളില്‍നിന്നുണ്ടായ നടുക്കത്തില്‍നിന്ന് പുറത്തുവരുന്നതേ ഉള്ളൂ എന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് 2013 ഓഗ്‌സറ്റ് 15നായിരുന്നു പെണ്‍കുട്ടി പീഡനം നേരിട്ടത്. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അസാറാം ബാപ്പു കുറ്റക്കാരനാണെന്ന വിധി വരുന്നത്. ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി അസാറാം ബാപ്പു ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷാ വിധി. 

മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോഥ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയത്. അസാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളാണ്. പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് അസാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍.

വിധി പ്രസ്താവന കണക്കിലെടുത്ത്, കോടതി പരിസത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അഞ്ച് കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിനും ജോഥ്പൂരില്‍ നിരോധനമുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് നാനൂറോളം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തിലെ അസാറാമിന്റെ ആശ്രമത്തില്‍ നിന്നും അനുയായികളെ പൊലീസ് ഒഴിപ്പിച്ചു. ദേര സച്ച സൗദ കേസിലെ വിധി ഉത്തരേന്ത്യയില്‍ വലിയ അക്രമങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമാന ആക്രമണ സാധ്യത കണക്കിലെടുത്ത് ആസാറാമിന്‍റെ അനുയായികള്‍ കൂടുതലുള്ള ഹരിയാന,മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത സുരക്ഷയിലാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios