ശ്രീകൃഷ്‍ണ ജയന്തിയോട് അനുബന്ധിച്ചുള്ള അഷ്‍ടമി രോഹിണി വള്ള സദ്യ നാളെ ആറന്മുള പാ‍ർത്ഥ സാരഥി ക്ഷേത്രത്തില്‍ നടക്കും. ഒരുലക്ഷം പേർക്കാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ സദ്യ തയ്യാറാക്കുന്നത്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യക്ക് ഒരുക്കുന്ന ഒട്ടുമിക്ക വിഭവങ്ങളും അഷ്‍ടമിരോഹിണി സദ്യക്കും ഉണ്ടാകും. കഴിഞ്ഞ രണ്ട് ദിവസമായി ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള നൂറംഗസംഘമാണ് സദ്യ തയ്യാറാക്കുന്നത്. ആറന്മുള വറുത്തഏരിശ്ശേരി തുടങ്ങിയ ഉള്‍പ്പടെ പള്ളിയോടകരക്കാർ
പാടിചോദിക്കുന്ന വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. 350 പറ ആരിയുടെ ചോറും വിഭവങ്ങളുമാണ് ആറന്മുള ക്ഷേത്രമതിലകത്തെ ഊട്ട് പുരയില്‍ തയ്യാറാക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും ഇത് രണ്ടാം തവണയാണ് ആറന്മുള അഷ്‍ടമിരോഹിണി സദ്യ ഒരുക്കുന്നത്.

ആറന്മുളയിലെ 52 കരകളിലെയും കരക്കാർ പള്ളിയോടങ്ങളില്‍ സദ്യയില്‍ പങ്കെടുക്കാൻ എത്തുക പതിവാണ്. ഒപ്പം ക്ഷേത്രത്തില്‍ എത്തുന്നവർക്കും സദ്യനല്‍കും. രാവിലെ പതിനൊന്ന് മണിയോടെ വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പള്ളിയോടങ്ങളിലെത്തുന്ന കരക്കാർ ജലഘോഷയാത്രയ്‍ക്ക് ശേഷം വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ക്ഷേത്രം വലംവച്ചശേഷം സദ്യ സ്വീകരിക്കാൻ
തിരുമുറ്റത്ത് ഇരിക്കും. ഭഗവാന് സദ്യവിളമ്പിയ ശേഷമായിരിക്കും കരക്കാർക്ക് തുശനിയിലയില്‍ സദ്യ നല്‍കുക.