അഷ്‍ടമി രോഹിണിയോട് അനുബന്ധിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന സദ്യ ഉണ്ണാൻ പതിനായിരങ്ങളാണ് എത്തിയത്. വഴിപാട് വള്ളസദ്യക്ക് വിളന്പുന്ന എല്ലാവിഭവങ്ങളും അഷ്‍ടമി രോഹിണി സദ്യക്കും ഒരുക്കിയിരുന്നു.

അമ്പത്തിരണ്ട് കരകളില്‍ നിന്ന് പള്ളിയോടങ്ങളില്‍ വഞ്ചിപ്പാട്ടിന്‍റെ ഈണത്തില്‍ തുഴഞ്ഞ് എത്തിയ കരക്കാർ ക്ഷേത്ര മതിലകത്ത് പ്രവേശിച്ചതോടെയാണ് അഷ്‍ടമി രോഹിണി സദ്യയോട് അനുബന്ധിച്ച ചടങ്ങുകള്‍ തുടങ്ങിയത്. പള്ളിയോടകരക്കാർ ക്ഷേത്രം വലംവച്ച് തിരുമുറ്റത്തെ കൊടിമര ചുവട്ടില്‍ എത്തിയതോടെ നെയ്യ് വിളക്ക് തെളിച്ച് തൂശനിലയില്‍ വിഭവങ്ങള്‍ ഭാഗവാന് വിളമ്പി സദ്യയുടെ ചടങ്ങുകള്‍ തുടങ്ങി.
പിന്നിട് തിരുമുറ്റത്ത് ഒരോ പള്ളിയോടങ്ങള്‍ക്കും പ്രത്യേകം സജ്ജികരിച്ച സ്ഥലങ്ങളില്‍ കരക്കാർക്ക് സദ്യ വിളമ്പി. ഒപ്പം ഭക്തരും സദ്യകഴിച്ചു.
മുന്നൂറ്റിയമ്പത് പറഅരിയുടെ ചോറും മറ്റ് വിഭവങ്ങളുമാണ് സദ്യക്കായി ഒരുക്കിയിരുന്നത്. രണ്ട് ദിവസം മുൻപെ സദ്യ ഒരുക്കുന്നത്ന് വേണ്ടിയുള്ള ചടങ്ങുകള്‍ തുടങ്ങിയിരുന്നു .പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറന്മുള അഷ്‍ടമി രോഹിണി വള്ള സദ്യ തയ്യാറാക്കിയത്.
അഷ്‍ടമി രോഹിണി വള്ള സദ്യ ഉണ്ട കരക്കാർ ക്ഷേത്രത്തിന് മുന്നിലെത്തി ഭാഗവാനെ സ്തുതിച്ച് പാടി മടങ്ങി. ഒക്ടോബർ രണ്ടിന് വഴിപാട് വള്ള സദ്യയോട് അനുബന്ധിച്ച് ചടങ്ങുകള്‍ പൂർത്തിയാകും.
