കറാച്ചി: പ്രവാചകനിന്ദാക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയാവുകയും ചെയ്ത ആസിയ ബീബിക്ക് ഇതുവരെ രാജ്യം വിടാനായിട്ടില്ലെന്ന് സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമാ അമന്‍ ഉല്ല. കറാച്ചിയിലെ വടക്കന്‍ പ്രദേശങ്ങളിലെവിടെയോ ഉള്ള ഒരു വീട്ടിലേക്ക് ആസിയ ബീബിയേയും കുടുംബത്തെയും അധികാരികള്‍ മാറ്റിയതായും അമന്‍ പറയുന്നു.  പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ നിരാശയിലാണ് ആസിയയെന്നും ഭക്ഷണത്തിന് വേണ്ടി മാത്രമാണ് വാതില്‍ തുറക്കാറെന്നും അമന്‍ വെളിപ്പെടുത്തി.ഫോണിലൂടെയാണ് ആസിയ ബീബിയുമായി അമന്‍ ബന്ധപ്പെട്ടത്.

ആസിയയ്ക്ക് വിദേശത്ത് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാക്കിസ്ഥാന്‍  വ്യക്തമാക്കിയെങ്കിലും ഇതുവരെ അതിനുള്ള അവസരമൊരുക്കിയിട്ടില്ല.
എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന് അറിയാത്തതിനാല്‍ ആസിയ ബീബി അങ്ങേയറ്റത്തെ നിരാശയിലാണെന്ന്  അമന്‍ പറയുന്നു.  മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയുടെ വധിശിക്ഷ കോടതി റദ്ദാക്കിയത് എട്ട് വര്‍ഷത്തിന് ശേഷമാണ്. 

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കണ്ടെത്തിയ പാകിസ്ഥാൻ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ ആസിയ നൽകിയ അപ്പീൽ അംഗീകരിക്കുകയായിരുന്നു.