ധീരതയുടെ പ്രതീകങ്ങളായ കുട്ടികൾക്ക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആദരം. ഏഷ്യാനെറ്റ് ന്യൂസ് ബ്രേവറി പുരസ്കാരങ്ങൾ പാലക്കാട്ട് വിതരണം ചെയ്തു. പത്തനംതിട്ടയിലെ ആദിത്യന്‍ എം പി പിള്ള, എറണാകുളത്തെ ബിനില്‍ മഞ്ഞളി, പാലക്കാട്ടെ കെ പി ബദറുന്നീസ, പത്തനംതിട്ടയിലെ അഖില്‍ കെ ഷിബു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

പമ്പയാറിലെ ചുഴിയില്‍ വീണ് പോയ മൂന്ന് കുട്ടികള്‍ക്ക് പുതുജീവനേകിയ റാന്നി പുല്ലേപ്രം സ്വദേശി ആദിത്യന്‍ എം പി പിള്ള. മരണത്തെ മുഖാമുഖം കണ്ട കൂട്ടുകാരിയേയും അമ്മയേയും നീന്തി രക്ഷിച്ച പാലക്കാട് പട്ടാമ്പി സ്വദേശി ബദറുന്നിസ്സ. ഒഴുക്കില്‍പ്പെട്ട അയ്യപ്പഭക്തന് ജീവിതം തിരികെ നല്‍കിയ പത്തനംതിട്ടക്കാരന്‍ അഖില്‍ കെ ഷിബു. കനാലില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തിയ നെടുമ്പാശേരി അത്താണി സ്വദേശി ബിനില്‍ മഞ്ഞളി. ധീരരും മിടുക്കരുമായ ഈ കുട്ടികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്, കോഴിക്കോട് കളക്ടറായിരിക്കെ ജനക്ഷേമ പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ നേടിയ എന്‍ പ്രശാന്ത് ഐ എ എസ് ആണ്. 25,000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ജില്ലാകളക്ടര്‍ പി മേരിക്കുട്ടി, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് കുഴന്തൈ തെരേസ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.