Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ നേരോടെ, നിര്‍ഭയം, നിരന്തരം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്

Asianet News brings Thomas Chandys illegal activities
Author
First Published Nov 15, 2017, 9:05 AM IST

ആലപ്പുഴ: വ്യവസായ വളര്‍ച്ചയ്ക്കായി  നിയമലംഘനം നടത്തിയ സംഭവങ്ങള്‍ തെളിവുകള്‍ സഹിതം ഏഷ്യാനെറ്റ്ന്യൂസ് ഒന്നിനുപിറകെ ഒന്നായി പുറത്ത് വിട്ടതോടെയാണ് മന്ത്രി തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്. ഓഗസ്റ്റ് 11 മുതൽ തുടങ്ങിയ വാര്‍ത്ത പരമ്പര രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ സംവിധാനങ്ങളും ആദ്യം പാടെ അവഗണിച്ചെങ്കിലും അധികം വൈകാതെ ഏറ്റെടുക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. പൊതുപ്രവർത്തകർ പരാതികൾ നൽകി,അന്വേഷണം വന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതായി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. അതിന്മേൽ നിയമോപദേശം കൂടി എതിരായതോടെ തോമസ് ചാണ്ടിക്ക് വഴിമുട്ടി.

ഈ വാര്‍ത്തയിലൂടെയാണ്  നിയമലംഘനങ്ങളുടെ അന്വേഷണ പരമ്പര തുടങ്ങിയത്. മൂന്ന് മാസം പിന്നിട്ടു. കായല്‍ കയ്യേറ്റവും അനധികൃത നികത്തും ഉദ്യോഗസ്ഥരെ സ്വാധീനിച്ചതും  ഒന്നിനുപുറകെ ഒന്നായി തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്നു.   ആഗസ്ത് പതിനേഴിന് വിഷയം നിയമസഭയില്‍ വന്നു. മുഖ്യമന്ത്രി അന്ന് പറഞ്ഞത് ആരോപണം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ്.

നിയമലംഘനങ്ങള്‍ അംഗീകരിക്കാന്‍ സ്വാഭാവികമായും മന്ത്രി തോമസ്ചാണ്ടിയും തയ്യാറായില്ല. വെല്ലുവിളിയുടെ പരമ്പരയായിരുന്നു കേരളാ നിയമസഭയില്‍. അതിനിടെ കൂടുതൽ രേഖകളും വാർത്തകളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. നിരന്തരമായ ന്യൂസ് അവർ ചർച്ചകളിലൂടെ രാഷ്ട്രീയനേതാക്കളെ പ്രതികരണത്തിന് നിർബന്ധിതരാക്കി.  ആരോപണം തെളിഞ്ഞാൽ പണിമതിയാക്കുമെന്നായിരുന്നു നിയമസഭയിൽ  തോമസ് ചാണ്ടി പറഞ്ഞത്.

പണ്ടെപ്പോഴോ നടന്ന വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസ് ഗൂഡ ഉദ്ദേശത്തോടെ കൊടുക്കുകയാണെന്ന് പറഞ്ഞ് ആദ്യം പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിന്നീട്, അന്വേഷണം നടക്കുകയാണെന്നും, നിയമോപദേശമനുസരിച്ച് നടപടിയെടുക്കുമെന്നും മാറ്റിപ്പറഞ്ഞു.

ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കാറ്റില്‍ പറത്തി പാര്‍ക്കിംഗും അപ്രോച്ച് നിര്‍മ്മിച്ചതും മുൻ ജില്ലാ കള്ക്ടറുടെ വഴി വിട്ട ഇടപെടലുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയത് ഇതൊന്നും വകവയ്ക്കാതെയാണ്. മാത്തൂര്‍ ദേവസ്വത്തിന്‍റെ മുപ്പത്തിനാലരയേക്കര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭുമി കയ്യേറി നികത്തിയതും വാർത്തയായി. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തരാത്തതും ലേക് പാലസ് റിസോര്‍ട്ടിന്‍റെ എല്ലാ ഫയലുകളും  നഗരസഭയില്‍ നിന്ന് നഷ്ടപ്പെട്ടതും പുറത്തുവന്നു.  
ഒടുവില്‍ റവന്യൂ മന്ത്രിയുടെനിർദ്ദേശപ്രകാരം  ആലപ്പുഴ കളക്ടര്‍ ടിവി അനുപമ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി.  ഒക്ടോബര്‍ 21 ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടതുമന്ത്രിസഭയുടെ അഭിമാന നിയമങ്ങള്‍ ഉള്‍പ്പടെ  മന്ത്രി തോമസ്ചാണ്ടി ലംഘിച്ചെന്ന്  ജില്ലാ കളക്ടര്‍ കണ്ടെത്തി. മുൻ കളക്ടര്‍ എന്‍ പത്മകുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും  നിയമങ്ങള്‍ അട്ടിമറിച്ചതും കണ്ടെത്തി . റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ജനജാഗ്രതാ മാര്‍ച്ചിനിടെ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മുന്നില്‍ തോമസ്ചാണ്ടി പരസ്യമായ വെല്ലുവിളി നടത്തി

കളക്ടര്‍ക്ക് തെറ്റുപറ്റിയെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചു. കളക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചു. ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. നടപടിയെടുക്കാത്ത സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയൊക്കെയായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.  കേസെടുക്കണെമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അനുവദിച്ചില്ല.  തോമസ്ചാണ്ടിയെ പരമാവധി സംരക്ഷിക്കാനും പ്രശ്നം നീട്ടിക്കൊണ്ടുപോകാനുമായി അഡ‍്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശവും തേടി. ഒടുവില്‍ മന്ത്രി തോമസ്ചാണ്ടിയില്‍ രാജി എഴുതി വാങ്ങേണ്ടി വന്നു. ഇനി വേണ്ടത് നിയമലംഘനങ്ങളിലെ തുടര്‍ നടപടികളാണ്. കാത്തിരിക്കുകയാണ് കേരള ജനത.

Follow Us:
Download App:
  • android
  • ios