കൊച്ചി: അപൂര്‍വരോഗത്താല്‍ ദുരിതജീവിതം നയിക്കുന്ന ആര്യയെ സഹായിക്കാനെത്തിയ സുമനസുകള്‍ക്കായി ആദ്യആശ്വാസവാര്‍ത്ത. ദേഹം പൊട്ടിയുണ്ടാവുന്ന മുറിവുകള്‍ മൂലമുള്ള വേദന കൊണ്ട അലമുറയിട്ടിരുന്ന ആര്യ ഇന്നലെ സുഖമായി ഉറങ്ങി.

കണ്ണൂരില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ആര്യയ്ക്ക് വേദനയ്ക്കുള്ള മരുന്നുകള്‍ നല്‍കിയതോടെയാണ് കണ്ണീരില്ലാതെ ഉറങ്ങാന്‍ സാധിച്ചത്.ഇതോടൊപ്പം കുട്ടിയെ ബാധിച്ചിരിക്കുന്ന അപൂര്‍വ്വ രോഗം എന്താണെന്ന് തിരിച്ചറിയാനുള്ള പരിശോധനകളും ആരംഭിച്ചു കഴിഞ്ഞു. 

അര്‍ബുദമടക്കം വിവിധ രോഗങ്ങള്‍ ആര്യയ്ക്കുള്ളതിനാല്‍ അനവധി വിദഗ്ധ പരിശോധനകളാണ് നടത്തുന്നത്. ഇതോടൊപ്പം ശരീരം പൊട്ടുന്നതിനുള്ള കാരണം കണ്ടെത്താന്‍ ത്വക്കിന്‍റെ ബയോപ്സി റിപ്പോര്‍ട്ടും ലഭിക്കണം. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഴുവന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകളും കിട്ടുന്നതോടെ ആര്യയുടെ രോഗവും രോഗകാരണങ്ങളും കണ്ടെത്തി ചികിത്സ തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. 

ഇത്രയും ദിവസം ആര്യ വേദന കൊണ്ടു പുളയുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ മുഖത്തിപ്പോള്‍ വലിയ പ്രതീക്ഷയാണുള്ളത്. രോഗം ഭേദമായി ആര്യ നടന്നു സ്കൂളില്‍ പോകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് മാതാപിതാക്കള്‍. 

ആര്യയുടെ ദുരിതജീവിതത്തെപ്പറ്റി ഏഷ്യനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത കണ്ട നൂറുകണക്കിനു പേരാണ് കുട്ടിയ്ക്ക് സഹായവാഗ്ദാനങ്ങളുമായി എത്തിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ.ശൈലജയും പ്രഖ്യാപിച്ചിട്ടുണ്ട്.