ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഇതുവരെയുണ്ടായിരുന്ന പതിവല്ല ഇക്കഴിഞ്ഞ 100 ദിവസങ്ങളായുള്ളത്. ആള്‍ത്തിരക്കും ബഹളവുമൊന്നുമില്ല ഇപ്പോള്‍. എന്തിനും ഏതിനും അടുക്കും ചിട്ടയും വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ക്കശ്യം. തുടക്കം സെക്രട്ടേറിയറ്റില്‍ നിന്നു തന്നെയായിരുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം മന്ത്രിമാര്‍ ഓഫീസിലുണ്ടാകണമെന്നും ഫയലുകള്‍ കെട്ടിക്കിടക്കരുതെന്നും തുടങ്ങി എന്തിനും ഏതിനും സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് തേടി ആളെത്തുന്നതിനും പിണറായി നിയന്ത്രണമേര്‍പ്പെടുത്തി. പരാതികള്‍ അതാതിടങ്ങളില്‍ പരിഹരിക്കപ്പെടണം. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ വിളിച്ചു ചേര്‍ച്ച യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോട് മുഖ്യമന്ത്രി നയം വ്യക്തമാക്കി. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓര്‍മ്മിപ്പിച്ചു. ജോലി സമയത്ത് ഓഫീസില്‍ തന്നെ ഉണ്ടാവണമെന്നും മറ്റ് പരിപാടികള്‍ക്ക് വേറെ സമയം കണ്ടെത്തണമെന്നും താക്കീത് നല്‍കി.

അഴിമതിക്കെതിരെ ചുവപ്പും മഞ്ഞയും കാര്‍ഡുകളിറക്കി വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും എക്‌സൈസ് വകുപ്പില്‍ മിന്നല്‍ ഇടപെടലുകളുമായി ഋഷിരാജ് സിംഗും രംഗത്തിറങ്ങി. റോഡു നവീകരണം മുതല്‍ കാര്‍ഷിക പ്രശ്നങ്ങളില്‍ വരെ മന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു. അകമ്പടി വാഹനങ്ങള്‍ വെട്ടിച്ചുരുക്കിയും ആവശ്യത്തിന് മാത്രം പേഴ്‌സണ്‍ല്‍ സ്റ്റാഫിനെ നിയമിച്ചും വീടു മോടി കൂട്ടാനുള്ള ചെലവിന് നിയന്ത്രണമേര്‍പ്പെടുത്തിയും പരിഷ്കാരങ്ങള് ഏറെയുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമുറപ്പാക്കാന്‍ മാസത്തിലൊരിക്കല്‍ അത്താഴ വിരുന്ന് ഏര്‍പ്പെടുത്തിയത് പോലെ എന്തിനും ഏതിനും പിണറായി ടച്ചാണിപ്പോള്‍. 

അതേസമയം പരിഷ്കാരങ്ങള്‍ പലത് നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും അത് ഫലവത്താക്കാന്‍ കഴിഞ്ഞോ എന്ന് സംശയിക്കുന്നവരും കുറവല്ല. വിഴിഞ്ഞം തുറമുഖവും മെട്രോ ലൈറ്റ് മെട്രോ പദ്ധതികളും വികസനത്തിന്റെ ട്രാക്കിലെന്ന് തോന്നിപ്പിച്ച ദിവസങ്ങളാണ് കടന്ന് പോയത് . ദീര്‍ഘകാലമായി തര്‍ക്കത്തില്‍ കരുങ്ങിക്കിടന്ന ഹൈവേ വികസനവും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയും പ്രാവര്‍ത്തികമാക്കാന്‍ പിണറായിയുടെ ഉരുക്കുമുഷ്‌ടിയോടെയുള്ള ഇടപെടല്‍ സഹായകമായിരുന്നു‍. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ 3500 കോടിയാണ് വകയിരുത്തിയത്. അടഞ്ഞു കിടഞ്ഞ കശുവണ്ടി ഫാക്ടറികള്‍ തുറന്നു. 

വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനുള്ള ഇടപെടലുണ്ടാകുമെന്ന് ആവര്‍ത്തിക്കുമ്പോഴും ഗുണം പൊതുജനത്തിന് കിട്ടിയില്ലെന്നാണ് പ്രധാന വിമര്‍ശനം. വിപണിയിലിടപെടാന്‍ സംവിധാനങ്ങളൊരുക്കിയെന്ന അവകാശവാദം ഗുണം ചെയ്യുമോ എന്ന് ഈ ഓണക്കാലത്ത് തന്നെ കേരളം വിലയിരുത്തും. 

പറഞ്ഞകാര്യങ്ങള്‍ പലതും നടപ്പാക്കിയെന്നും പലതിനും തുടക്കമിട്ടെന്നുമുള്ള അവകാശ വാദത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാറും. എന്നാല്‍ മധുവിധു കാലം കഴിഞ്ഞെന്നും വരാനിരിക്കുന്നത് പ്രത്യാക്രമണങ്ങളുടെ കാലഘട്ടമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് പ്രതിപക്ഷം.