സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയായ കണ്ണൂരിലെ കണക്കുകളില്‍ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം തുടങ്ങുന്നത്. 2006 മുതല്‍ 2016 വരെ നടന്ന രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ അന്വേഷണത്തിന്റെയും വിചാരണനടപടികളുടെയും അവസ്ഥയെന്താണ്.
2008 മാര്‍ച്ച് ഏഴിനായിരുന്നു തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ എം.വി സുരേന്ദ്രന്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിചാരണ പോലും തുടങ്ങിയില്ലെന്ന് സുരേന്ദ്രന്റെ സഹോദരന്‍ പറയുന്നു ‍.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളില്‍ വിചാരണയില്ല എന്നതാണ് അവസ്ഥയെങ്കില്‍ ഒന്നരവര്‍ഷം മുമ്പ് നടന്ന മറ്റൊരു കൊലപാതക്കേസിലെ സ്ഥിതി ഇങ്ങനെയാണ്. 2015 ഫെബ്രുവരി 26ന് ചിറ്റാരിപ്പറമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഒണിയന്‍ പ്രേമന്‍ കൊല്ലപ്പെട്ട കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എഫ്.ഐ.ആറില്‍ യു.എ.പി.എ വരെ ചുമത്തിയ കേസാണിത്. 2006 മുതല്‍ 2016 വരെ 43 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്‍. ഇതില്‍ 13 കേസുകളില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാകാനുണ്ട്‍. ഇതില്‍ മൂന്ന് കേസുകള്‍ സിബിഐയും മൂന്ന് കേസ് ക്രൈംബ്രാഞ്ചും ആണ് അന്വേഷിക്കുന്നത്. 29 കേസുകളില്‍ വിചാരണ വൈകുന്നു. വിധി വന്നത് ആകെ ഒരു കേസില്‍ മാത്രം.

കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനമൊട്ടാകെയുളള കണക്കുകളും രാഷ്‌ട്രീയ കൊലപാതകക്കേസുകള്‍ എങ്ങുമെത്തുന്നില്ല എന്നതിന് തെളിവാണ്. പത്ത് വര്‍ഷത്തിനിടെ 109 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ 15 കേസുകളിലാണ് ഇനിയും കുറ്റപത്രം സമര്‍പ്പിക്കാനുള്ളത്. 80ലധികം കേസുകളില്‍ വിചാരണ വൈകുന്നു. കേസുകളില്‍ ശാസ്ത്രീയ അന്വേഷണം നടക്കുന്നില്ലെന്നും ലിസ്റ്റ് നോക്കിയാണ് പ്രതികളെ പിടിക്കുന്നതെന്നും അതിന് ശേഷം അതിനനുസരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും പൊലീസുകാര്‍ തന്നെ സമ്മതിക്കും. ഒത്തുതീര്‍പ്പ് നടക്കുന്നുണ്ട്. കോടതികള്‍ക്ക് പോലും ഇതറിയാമെന്നും ശാസ്‌ത്രീയ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും ഇവര്‍ സമ്മതിക്കുന്നു.

മറ്റ് കേസുകളെ അപേക്ഷിച്ച് രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ അന്വേഷണ നടപടികളില്‍ സംഭവിക്കുന്നത് എന്താണ്...

പശ്ചാത്തലം രാഷ്‌ട്രീയമാകുമ്പോള്‍ പ്രതികളെ പിടികൂടാന്‍ വൈമുഖ്യം കാണിക്കുന്ന പൊലീസ് സംവിധാനവും തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കേസ് നീട്ടിക്കൊണ്ടുപോകാനുള്ള താത്പര്യവുമാണ് പ്രധാന കാരണങ്ങള്‍. ഒപ്പം പ്രോസിക്യൂഷന്‍ നിയമനത്തിലടക്കമുള്ള രാഷ്‌ട്രീയ ഇടപെടലുകളുമുണ്ട്. കേസുകളില്‍ ശിക്ഷ വൈകുന്നതാണ് ഒന്നിലേറെ കേസുകളില്‍ ഒരേ പ്രതികളുണ്ടാകുന്നതിന് കാരണമെന്ന് രാഷ്‌ട്രീയനേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. രാഷ്‌ട്രീയകൊലപാതകങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ തീരുമാനമാകുന്ന കേസുകളില്‍ വര്‍ധനയില്ല.നി യമ-ആഭ്യന്തരവകുപ്പുകളുടെ വീഴ്ചയിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.