തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടി.എന്‍.ഗോപകുമാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്‌ക്ക് ഒരു വര്‍ഷം തികയുകയാണ്. ടിഎന്‍ജിയുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചുളള അനുസ്മരണ പരിപാടിയും പ്രഥമ ടിഎന്‍ജി പുരസ്കാര സമര്‍പ്പണവും ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 5 മണിക്ക് ടാഗോര്‍ തിയറ്ററിലാണ് പരിപാടി. അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യാതിഥി ജസ്റ്റിസ് മാ‌ര്‍ക്കണ്ഡേയ കട്ജു തിരുവനന്തപുരത്ത് എത്തി. മഹാനായ മാധ്യമ പ്രവര്‍ത്തകനും മികച്ച എഡിറ്ററുമായിരുന്നു ടി.എന്‍. ഗോപകുമാറെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അനുസ്മരിച്ചു.

ടിഎന്‍ജിയെ അനുസ്മിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നുംന്ന് മാര്‍ഖണ്ഡേയ ഖഡ്ജു പറഞ്ഞു. ആതുര സേവന രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. എംആര്‍ രാജഗോപാലിനാണ്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ദി ഹിന്ദു എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.

ടിഎന്‍ജിയെ കുറിച്ചുള്ള ഓര്‍മ്മപുസ്തകം ഭാര്യ ഹെദര്‍ ഗോപകുമാറിന് നല്‍കി സക്കറിയ പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്, ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍, ഡോ. എംവി പിള്ള, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് , ടിഎന്‍ജിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടിഎന്‍ജിയുടെ ജീവിതയാത്രയുടെ കഥ പറയുന്ന ഡോക്യുമെന്ററി പയണത്തിന്റെ പ്രദര്‍ശനവും ചടങ്ങിനുണ്ടാകും.