കോഴിക്കോട് സംവിധായകന്‍ രഞ്‍ജിത്ത് ഉദ്ഘാടനം ചെയ്തു ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് കെയ്നുകള്‍ വിതരണം ചെയ്തത് 300 സ്ത്രീകള്‍ക്ക് 

കോഴിക്കോട്: കാഴ്ച പരിമിതിയുള്ള സ്ത്രീകള്‍ക്ക് കൈത്താങ്ങായ ഏഷ്യാനെറ്റ് ന്യൂസ് സംരഭം സൗണ്ട് ഫോര്‍ സൈറ്റിന് കോഴിക്കോട് തുടക്കം. ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് കോഴിക്കോട് സ്വദേശിയായ വസന്തയ്ക്ക് യാത്ര സുഗമമാക്കാനുള്ള സ്മാര്‍ട്ട് കെയ്ന്‍ നല്‍കി ഉദ്ഘാടനം ചെയ്തു. കാഴ്ച പരിമിതിയുള്ള സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വടക്കന്‍ കേരളത്തിലെ മുന്നൂറ് സ്ത്രീകള്‍ക്കാണ് സ്മാര്‍ട്ട് കെയ്നുകള്‍ നല്‍കിയത്. മൂന്ന് മീറ്റര്‍ ദൂരപരിധിയില്‍ വരെയുള്ള തടസങ്ങള്‍ തിരിച്ചറിയാന്‍ ഇലക്‌ട്രോണിക് കെയ്നാകും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആന്‍റോ ജോര്‍ജ്ജ്, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജേക്കബ്ബ് കുരുവിള, ചൈതന്യ കണ്ണാശുപ‌ത്രിയിലെ ഡോ. ഷെയ്ന്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

കാഴ്ച പരിമിതിയെ അതിജീവിച്ച് സാമൂഹ്യരംഗത്ത് സജീവമായ ജ്യോതിര്‍മയ ഫൗണ്ടേഷന്‍ സ്ഥാപക റ്റിഫാനി ബ്രാറിന്‍റെ വ്യക്തിത്വ വികസന ക്ലാസും സംഘടിപ്പിച്ചിരുന്നു. കാഴ്ച പരിമിതിയുള്ളവരുടെ കലാപരിപാടികളും നടന്നു. മധ്യ കേരളത്തിലെയും, തെക്കന്‍ കേരളത്തിലെയും സൗണ്ട് ഫോര്‍ സൈറ്റ് സംരഭങ്ങള്‍ക്ക് നാളെ കൊച്ചിയിലും മറ്റന്നാള്‍ തിരുവനന്തപുരത്തുമായി തുടക്കമാകും. ഏഷ്യാനെറ്റിന്‍റെ ഉദ്യമത്തിന് ചടങ്ങില്‍ സംവിധായകന്‍ രഞ്ജിത് ആശംസകള്‍ നേര്‍ന്നു.