ദോഹ: ഗൾഫിലെ മികച്ച വിദ്യാർത്ഥിയെ കണ്ടെത്താൻ ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ഏഷ്യാനെറ്റ് തിങ്ക് ആൻഡ് ലേൺ രണ്ടാം വട്ട മത്സര പരീക്ഷ ഖത്തറിൽ നടന്നു. ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന മത്സര പരീക്ഷയിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഏഷ്യാനെറ്റ് തിങ്ക് ആൻഡ് ലേൺ എന്ന പേരിൽ ഗൾഫിലെ സി.ബി.എസ് സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് മത്സര പരീക്ഷകൾ സംഘടിപ്പിക്കുന്നത്.
ആറാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമേരിക്കയിലെ നാസ ബഹിരാകാശ കേന്ദ്രത്തിലേക്ക് പഠന യാത്ര പോകാനുള്ള അവസരം ലഭിക്കും.ഖത്തറിൽ നടത്തിയ രണ്ടാം വട്ട മത്സര പരീക്ഷകൾ രാവിലെയും വൈകുന്നേരവുമായി രണ്ടു സെഷനുകളിലായാണ് നടത്തിയത്.
മത്സര പരീക്ഷയോടനുബന്ധിച്ച് മത്സര പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കാം എന്നത് സംബന്ധിച്ച് ബൈജൂസ് ലേണിങ് ആപ് സി.ഇ.ഒ ബൈജു രവീന്ദ്രൻ കുട്ടികൾക്ക് ക്ലാസെടുത്തു.വൈസ് പ്രസിഡന്റ് പ്രവീൺ പരീക്ഷ നിയന്ത്രിച്ചു. രാവിലെ ഒൻപത് മണിക്കാരംഭിച്ച മത്സര പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അതിരാവിലെ മുതൽ തന്നെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെത്തിയിരുന്നു.ഇനി മത്സര ഫലമറിയാനുള്ള ആകാംക്ഷാ ഭരിതമായ കാത്തിരിപ്പ്.
