മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനക്കാര്‍ ഏറെ താമസിക്കുന്ന ബംഗളുരു നഗരത്തില്‍ ആവശ്യപ്പെടുന്ന പണവും പരിചയക്കാരുമുണ്ടെങ്കില്‍ കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ എത് മയക്കുമരുന്നും എളുപ്പത്തില്‍ ലഭിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളുടെ സഹായത്തോടെ കഞ്ചാവ് ആവശ്യപ്പെട്ടപ്പോള്‍ നഗരമധ്യത്തിലെ തിരക്കൊഴിഞ്ഞ ബസ് സ്റ്റേഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. അല്‍പസമയത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ഓട്ടോറിക്ഷയില്‍ സാധനമെത്തി. അടുത്ത പരിചയക്കാരനെന്ന പോല്‍ ഇടനിലക്കാരനായ ഡ്രൈവര്‍ അടുത്തേക്ക് വന്നു. കഞ്ചാവ് വാങ്ങുന്നതിലും എളുപ്പത്തില്‍ നഗരത്തില്‍ വീര്യമേറിയ കൊക്കെയ്നും എല്‍എസ്ഡി ബ്ലോട്ടുകളും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ എംജി റോഡിന് തൊട്ടടുത്തുള്ള ചര്‍ച്ച് സ്ട്രീറ്റില്‍ ഒരാഴ്ചയിലധികം സ്ഥിരം സന്ദര്‍ശകനായതോടെ ഇടനിലക്കാരന്‍ അടുത്തേക്ക് വന്നു. എന്തൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ എല്‍.എസ്.ഡി സ്റ്റാമ്പുകളും കൊക്കൈനുമെല്ലാം ആവശ്യാനുസരണം എത്തിക്കും. പണം നല്‍കിയാല്‍ മതി. ബംഗളുരു പൊലീസ് കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത് 289 പേരെയാണ്. 2014നേക്കാള്‍ 203 പേര്‍ അധികമാണിത്. നഗരത്തില്‍ മാത്രമല്ല കേരളത്തിലേക്കുള്‍പ്പെടെ ബംഗളുരുവില്‍ നിന്ന് അന്തര്‍ സംസ്ഥാന ബസുകള്‍ വഴി മയക്കുമരുന്നെത്തുന്നുവെന്നും നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സ്ഥിരീകരിക്കുന്നു.
പാഴ്‌സലുകള്‍ പരിശോധിക്കാനുള്ള സംവിധാനം പല അന്തര്‍ സംസ്ഥാന ബസുകളിലുമില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സുനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. ആള്‍ക്കാരില്‍ നിന്ന് മതിയായ രേഖകളും പല ബസുകാരും വാങ്ങുന്നില്ല. രേഖകള്‍ വാങ്ങി സൂക്ഷിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉന്നതതലത്തില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ നടന്ന പൊലീസ് ഉന്നതതലയോഗത്തില്‍ ഇക്കാര്യത്തില്‍ നടപടി വേണമെന്ന് എന്‍സിബി ഉന്നയിച്ചിട്ടുണ്ട്.
