ന്യൂഡല്‍ഹി: ഹാദിയ കേസിന്റെ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയില്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയും ഷെഫിന്‍ ജഹാനും സുപ്രീംകോടതിയില്‍ ഹാജരായി.
തുറന്ന കോടതിയില്‍ കേസിലെ വാദം കേള്‍ക്കാമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹാജിയയുടെ അച്ഛന്‍ അശോകന്‍ ആവശ്യപ്പെട്ടു. ഹാദിയയുടെ നിലപാട് എല്ലാവര്‍ക്കും അറിയാമെന്നും വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന കേസാണിതെന്നും അശോകന്റെ അഭിഭാഷകന്‍ വാദിച്ചു. ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധത്തിന് തെളിവുണ്ട്. തീവ്രവാദബന്ധം തെളിയിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു . ഐ.എസ് റിക്രൂട്ടിങ് നടത്തിയിരുന്ന മന്‍സി ബുറാഖിനോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്നാണ് ഷെഫിന്‍ ചോദിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണെന്നും അശോകന്‍ കോടതിയെ അറിയിച്ചു.
സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും. ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടയില്‍ വാദിച്ചു . മതപരിവര്‍ത്തനത്തിന് വലിയ ശൃംഖല ഉണ്ടാക്കിയിരിക്കുന്നു. ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നിലും ഇതിന്റെ സ്വാധീനമാണെന്നും എന്‍.ഐ.എ ആരോപിച്ചു. അതേസമയം ഒരു സ്‌ത്രീക്ക് അവരുടെ ജീവിതം നിര്‍ണ്ണയിക്കാനുളള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമായാണ് എന്‍.ഐ.എ സ്വതന്ത്രമായി അന്വേഷണം നടത്തിയത്. അതുകൊണ്ടുതന്നെ കേസിലെ എന്‍.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണെന്നും കപില്‍ സിബല്‍ വാദിച്ചു.

