പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ചതോടെ ശൂന്യവേളയിൽ പ്രശ്നം അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ആദ്യം ചോദ്യോത്തരവേള റദ്ദാക്കി.

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിന് പിന്നാലെയാണ് സഭ പിരിഞ്ഞത്.

പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ചതോടെ ശൂന്യവേളയിൽ പ്രശ്നം അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള റദ്ദാക്കുകയും ഇതിന് പിന്നാലെ നിയമസഭ പിരിയുകയുമായിരുന്നു.

എം എല്‍ എ മാരുടെയും എ എന്‍ രാധാകൃഷ്ണന്‍റെയും സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പി സി ജോര്‍ജ്ജും ഒ രാജഗോപാലും സഭയില്‍ നിന്നിറങ്ങിപോയിരുന്നു. നിയമസഭ തുടങ്ങുന്നതിന് മുമ്പ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിപക്ഷ എം എൽ എ മാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയുമെന്ന് സ്പീക്കര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയാത്തതോടെയാണ് സമരവുമായി പ്രതിപക്ഷം മുന്നോട്ട്പോയത്.