തെറ്റുകള്‍ വരുത്താത്ത രാഷ്ട്രീയ നീക്കം അതാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തൂത്തുവാരലിനെ വിശേഷിപ്പിക്കാന്‍ സാധിക്കുക. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 25 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ഒരു അപ്രമാഥിത്യം ബിജെപിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. ഇന്ത്യന്‍ ജനസംഖ്യയില്‍ 200 ദശലക്ഷത്തെ ഭരിക്കാന്‍ കഴിയുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. ഒരു ചെറിയ കാലത്തില്‍ ജാതികള്‍ക്ക് അതീതമായി ഹിന്ദുഭൂരിപക്ഷത്തെ ബിജെപി ഒപ്പം നിര്‍ത്തുന്നു എന്നതാണ് ചിലപ്പോള്‍ യു.പി വിജയത്തിന്‍റെ മറ്റൊരു പ്രധാന ഘടകം.

1960-മുതല്‍ ചരിത്രം പറയാവുന്ന സംഘപപരിവാരത്തിന്‍റെ രാഷ്ട്രീയ രൂപത്തിന് ഇത്തരം ഒരു മേധാവിത്വം ദേശീയ രാഷ്ട്രീയത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടി, പശുബെല്‍ട്ടിന്‍റെ പാര്‍ട്ടി എന്നീ വിശേഷണങ്ങള്‍ ഉണ്ടെങ്കില്‍ ദില്ലി മുതല്‍ ബംഗാള്‍വരെ നീണ്ടു കിടക്കുന്ന ഈ മേഖലയില്‍ ഏതെങ്കിലും സ്ഥലത്ത് ആധിപത്യം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല എന്നതാണ് കേന്ദ്ര ഭരണത്തിന് ശേഷവും അവസ്ഥ. മധ്യ പ്രദേശ് ഇതില്‍ നിന്നും മാറ്റി നിര്‍ത്താം. 

എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്, എങ്ങനെയായിരിക്കും ബിജെപി യു.പി പിടിച്ചത്. രാഷ്ട്രീയമായി അതിന് ചില ഉത്തരങ്ങള്‍ തന്നെയുണ്ട്. 60 ശതമാനം ഫോര്‍മുല എന്നതാണ് ഇതിന് ഉത്തരമായി പറയാവുന്നത്.

ബിജെപി നേരത്തെ കണക്ക് കൂട്ടിയത് പ്രകാരം യാദവ, ജാട്ട് വിഭാഗങ്ങളും, മുസ്ലീം ജനസാമാന്യവും ഒരിക്കലും ബിജെപിക്ക് അനുകൂലമായി ചിന്തിക്കില്ലെന്ന് അവര്‍ മനസിലാക്കിയിരുന്നു. യു.പിയിലെ വോട്ടര്‍മാരില്‍ 66-55 ശതമാനം ഈ രണ്ട് വിഭാഗങ്ങളാണ്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിവരുന്ന ജാതി വിഭാഗങ്ങള്‍ ഒ.ബി.സി, ദളിത് വിഭാഗങ്ങളെയാണ് ബിജെപി ലക്ഷ്യമിട്ടത്. ബാക്കിയുള്ള വിഭാഗങ്ങളില്‍ നിന്നും 35 ശതമാനത്തിന് അടുത്ത് വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ഭരണം പിടിക്കാം എന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. 

2012 ല്‍ 29.12 വോട്ട് ഷെയറിലാണ് എസ്.പി യുപിയുടെ ഭരണം പിടിച്ചത്. അതിനാല്‍ തന്നെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിന് അടുത്ത് വോട്ട് ഷെയര്‍ നേടിയ ബിജെപി ഭരണപ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ എസ്.പി കോണ്‍ഗ്രസ് സഖ്യം വെല്ലുവിളിയാകുമോ എന്ന് ബിജെപി ഭയന്നിരുന്നു എന്നാണ് സത്യം. പക്ഷെ അതിന് മുന്‍പ് തന്നെ യുപി കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് ബിജെപി അദ്ധ്യക്ഷന്‍ ഫോര്‍മുല 60 ശതമാനം നടപ്പിലാക്കുവാന്‍ തുടങ്ങിയിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്‍റെ പോലും വാക്കുകള്‍ ഉള്‍കൊള്ളാതെയായിരുന്നു മോദിയും അമിത് ഷായും നീക്കങ്ങള്‍ നടത്തിയത് എന്നതാണ് രസകരമായ കാര്യം.

ഇതിന്‍റെ തുടക്കം അവര്‍ മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചിരുന്നു എന്നാണ് നേര്, ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കേശവ് പ്രസാദ് മൗരിയെ നിയമിച്ചു. യാദവന്‍ അല്ലാത്ത ഒബിസി വ്യക്തിയായിരുന്നു മൗര. ഇത്തരത്തില്‍ തന്നെയാണ് വിവിധ ജില്ലകളിലും ബിജെപി ഭാരവാഹികളെ പുനസംഘടിപ്പിച്ചത്. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇത്.  ഇതിന് ഒപ്പം തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യാദവ പ്രതിനിത്യം ആദ്യമായി ബിജെപി 20 ശതമാനത്തില്‍ താഴെയാക്കി, മുസ്ലീം വിഭാഗത്തില്‍ നിന്നും ആര്‍ക്കും സീറ്റ് നല്‍കിയില്ല. 40 ശതമാനത്തില്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ തന്നെയാണ് മുന്നോട്ട് നീങ്ങിയത്. മുസാഫിര്‍ നഗര്‍ പോലുള്ള സാമുദായിക ധ്രൂവീകരണം ശക്തമായ മേഖലകളില്‍ ബിജെപിയോട് അകന്നുനിന്ന ജാട്ട് വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ അവസാനം അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങിയതും നിസാരമായി കാണുവാന്‍ സാധിക്കില്ല.

ഇതിന് ഒപ്പം തന്നെ പ്രദേശികതലത്തില്‍ തങ്ങളുടെ അടിത്തര വിപൂലീകരിക്കാനും ബിജെപി ശ്രമിച്ചു എന്നതാണ് ശ്രദ്ധേയം. ഇതുവരെ ബിജെപി പ്രദേശിക പഞ്ചായത്ത് സീറ്റുകളില്‍ ആളെ നിര്‍ത്തി, ഇതുവരെ മത്സരിക്കാത്ത 3,100 സീറ്റുകളില്‍ 2,800 സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിജെപി ഇതില്‍ 300 സീറ്റില്‍ വിജയം നേടി. കോണ്‍ഗ്രസിന്‍റെ കോട്ടയായ റായിബറേലിയിലും, അമേഠിയിലും നിയമസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ഈ അടിത്തറ വ്യാപനം ബിജെപിയെ സഹായിച്ചു എന്നാണ് റിപ്പോര്‍ട്ട്. 

മറ്റൊരു രസകരമായ കാര്യം ബിജെപി ഇതുവരെ ജയിക്കാത്ത 60 സീറ്റുകളില്‍ ഇത്തവണ ബിജെപി ജയിച്ചത് സംഘപരിവാര്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരെ വച്ചാണ്. അതായത് 100 ല്‍ ഏറെ സീറ്റുകളില്‍ ബിജെപി മത്സരിപ്പിച്ചത് കഴിഞ്ഞ കാലത്ത് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തിയ വ്യക്തികളെയാണ്. അതിനാല്‍ തന്നെ ബിജെപിക്ക് വേരോട്ടം ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും പരിചിതമുഖങ്ങളെ വച്ച് ബിജെപി നേട്ടമുണ്ടാക്കിയെന്ന് പറയേണ്ടി വരും. ഈ പരീക്ഷണത്തിലും 60 ശതമാനം ഫാക്ടര്‍ കൃത്യമായി പാലിച്ചായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ്. എന്നാല്‍‌ ഇത്തരം തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന വിമത ശല്യങ്ങളെ ഒതുക്കാനും ബിജെപിക്ക് സാധിച്ചു എന്നത് അവരുടെ സംഘടന വിജയമായി.

ഇതിനോടൊപ്പം തന്നെ പ്രദേശികമായി കൃത്യമായ സാമുദായി ധ്രൂവികരണം ലക്ഷ്യമാക്കിയുള്ള നീക്കങ്ങളും ബിജെപി നടത്തിയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും രാമക്ഷേത്രവും മറ്റും വിഷയമായത് ഇതിന്‍റെ ഭാഗമായിരുന്നു. ഇതിനെല്ലാം പുറമേ കൃത്യമായ ഭരണവിരുദ്ധ വികാരം അഖിലേഷ് സര്‍ക്കാറിനെതിരെ ഉണ്ടായിരുന്നു. ഇതാണ് കോണ്‍ഗ്രസുമായി സഖ്യം തീര്‍ത്തിട്ടും ബിജെപിക്ക് 43 ശതമാനം എന്ന വോട്ട് ഷെയറിലേക്ക് എത്തിച്ചു. തുടര്‍ന്നും ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് ബിജെപിക്ക് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും, അതിന് അനുസരിച്ചുള്ള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനും, മന്ത്രിസഭ രൂപീകരണത്തിനും തന്നെയായിരിക്കും ബിജെപി ശ്രമിക്കുക. ഇതിന് ഒപ്പം ബിജെപി കടന്നുകയറ്റം എല്ലാതരത്തിലും വിവിധ മേഖലകളിലേക്ക് ബാധിച്ചെങ്കിലും, ഏറ്റവും പരിക്കേറ്റത് മായവതിയുടെ ബി.എസ്.പിക്കാണെന്നതാണ് സത്യം.