കൊച്ചിയിൽ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം സീരിയൽ നടി പിടികൂടിയ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക്. 

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം സീരിയൽ നടി പിടികൂടിയ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക്. നടി അശ്വതി ബാബുവും ഡ്രൈവര്‍ ബിനോയും ബംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ബംഗ്ലൂരുവിലേക്ക് വ്യാപിപ്പിച്ചത്. അശ്വതി ബാബു വിദേശത്ത് തട്ടിപ്പുകേസിലും പ്രതിയാണെന്ന് സൂചനയുണ്ട്. ഷാര്‍ജയില്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടിയും പ്രതിയാണെന്നാണ് സൂചന. ഇതിനെ കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വിൽപ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിൽപ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കൽ അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊച്ചിയിലെ ഡിജെ പാ‍ർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്‍റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. ലോക വ്യാപകമായി വിൽപ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.