സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയിലെ പ്രധാന നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുണ്ടായ ഭീകരാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള സമയത്താണ് മെട്രോ സ്റ്റേഷന് മുന്‍വശത്ത് സ്‌ഫോടനമുണ്ടായത്. രണ്ടു മെട്രോ സ്റ്റേഷനുകള്‍ക്ക് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്നു മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിനും ബെലാറുസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്‌ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കവെ ഉണ്ടായ ആക്രണത്തെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാവിഭാഗം കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കഴിഞ്ഞ കുറേക്കാലമായി ചെച്‌ന്‍ വിഘടനവാദികളുടെ ആക്രമണഭീഷണിയിലായിരുന്നു റഷ്യ. ഇതിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് സൂചന. 2010ല്‍ മോസ്‌കോയില്‍ ചെച്ന്‍ വിഘടനവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ മരിച്ചിരുന്നു. അന്നു രണ്ടു സ്‌ത്രീകളാണ് ചാവേറുകളായി എത്തി പൊട്ടിത്തെറിച്ചത്.