കൊല്‍ക്കത്ത: ഹെലികോപ്‌ടര്‍ തകര്‍ന്നു മൂന്നു സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ സുഖ്നയിലാണ് സംഭവം. രാവിലെ പത്തരയോടെയാണ് ചീറ്റാ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്‌ടര്‍ തകര്‍ന്നുവീണത്. സൈനികകേന്ദ്രത്തില്‍ ഹെലികോപ്‌ടര്‍ തിരിച്ചിറക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഹെലികോപ്‌റ്ററിന്റെ എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് സൈന്യം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്‌ടറാണ് തകര്‍ന്നത്. അഞ്ചു പേര്‍ക്ക് സ‌ഞ്ചരിക്കാവുന്നതാണ് ഇന്ത്യന്‍ സേനയുടെ ചീറ്റ ഹെലികോപ്‌ടറുകള്‍. ഏറെ ഉയരത്തില്‍ പറക്കാനാകുമെന്നതാണ് ഈ ഹെലികോപ്‌ടറിന്റെ പ്രധാന സവിശേഷതയെന്ന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അധികൃതര്‍ പറയുന്നു.