ഉത്തര്‍പ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാദിന്‍റെ റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ബുര്‍ഖ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത് വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്ത്രീയുടെ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കരിക്കൊടി കാണിക്കുമെന്ന ഭീഷണിയെ തുടര്‍ന്നുണ്ടായ പരിശോധനയിലായിരുന്നു നടപടിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ഖുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീ കാവി നിറത്തിലുള്ള ബിജെപിയുടെ കൊടി കഴുത്തില്‍ അണിഞ്ഞിരിക്കുന്നത് കാണാം. ഉദ്യോഗസ്ഥര്‍ ഖുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്നതും അവര്‍ ചിരിച്ചുകൊണ്ട് ഖര്‍ഖ അഴിച്ച് മാറ്റുകയും ചെയ്യുന്നു. വസ്ത്രമഴിച്ച് കൈയില്‍ സൂക്ഷിക്കാനാണ് വനിത ഉദ്യോഗസ്ഥര്‍ പറഞ്ഞെതെങ്കിലും അവരുടെ പക്കല്‍നിന്നും ഒരു പൊലീസുകാരന്‍ ഖുര്‍ഖ വാങ്ങി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ബിജെപി പ്രവര്‍ത്തകയായ സൈറ എന്ന സ്ത്രീയുടെ ബുര്‍ഖയാണ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. 

ബുര്‍ഖയുടെ നിറം കറുപ്പ് ആയിരുന്നു, ചിലതൊക്കെ ഇവിടെ നിരോധനമുണ്ട്, അതുകൊണ്ടാണ് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്, ഒരു ദശാബ്ദത്തിലേറെയായി എന്‍റെ ഭര്‍ത്താവ് ബി.ജെ.പി.ക്കൊപ്പമാണ്. ഖുര്‍ഖ അഴിപ്പിച്ചതില്‍ കുഴപ്പമില്ലെന്നും അവര്‍ പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് റാലിയുടെ സുരക്ഷാ ചുമതലയുള്ള ജില്ലാ പൊലീസ് മേധാവി ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞു.

'ഇതു സംബന്ധിച്ച് എനിക്ക് ഇതുവരെ ഒരു റിപ്പോര്‍ട്ട് ഒന്നും കിട്ടിയില്ല, റാലിയില്‍ കറുത്ത പതാകകള്‍ ഉണ്ടാകരുതെന്ന നിര്‍ദേശമുണ്ടായിരുന്നു, എങ്കിലും ബലം പ്രയോഗിച്ച് ബുര്‍ഖ നീക്കം ചെയ്തിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി അനില്‍കുമാര്‍ പറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ്, സംസ്ഥാനത്തെ പടിഞ്ഞാറന്‍ ഭാഗത്ത് നടത്തിയ റാലിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിക്കൊടി കാണിച്ചിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് യോഗിയുടെ റാലി.