ലക്നോ: യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദമാകുന്നു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയ്‌ക്കിടെയാണ് ബുര്‍ഖ ധരിച്ച് സദസിന്റെ മുന്‍നിരയില്‍ ഇരുന്ന യുവതിയോട് ബുര്‍ഖ അഴിച്ചുമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടത്.

ബിജെ പി പ്രവര്‍ത്തക കൂടിയായ യുവതി ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ബുര്‍ഖ ഊരിമാറ്റി. സാരി ത്തലപ്പുകൊണ്ട് തലമറച്ചു.സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബലിയ എസ്.പി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന് രണ്ടുദിവസം പിന്നിടുമ്പോഴും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം താനും ഭര്‍ത്താവും വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകരാണെന്നും സംഭവത്തില്‍ പരാതിയില്ലെന്നുമാണ് ബുര്‍ഖ മാറ്റേണ്ടി വന്ന സൈറയുടെ വിശദീകരണം..

കറുപ്പ് നിറമായതിനാലാണ് ബുര്‍ഖ മാറ്റിച്ചതെന്നാണ് പൊലീസുകാരുടെ വാദം, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മീററ്റില്‍ നടന്ന ഒരു റാലിയ്‌ക്കിടെ യോഗി ആദിത്യനാഥിനെ ചിലര്‍ കരിങ്കൊടി കാണിച്ചിരുന്നു ഇതേ തുടര്‍ന്ന് ആദിത്യനാഥിന്‍റെ പരിപാടികളില്‍ കറുത്ത തുണിയുമായി ആരെയും പ്രവേശിക്കാന്‍ അനുവദിക്കരതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇതേ കുറ്റത്തിന് ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ 11 വിദ്യാര്‍ഥികളെ ജാമ്യം നല്‍കാതെ 20 ദിവസം കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു.