Asianet News MalayalamAsianet News Malayalam

കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്‍റ് ആക്രമണം; ഇന്ത്യ കണ്ട കാര്‍ക്കശ്യം: വാക്കുകളില്‍ ഒതുങ്ങാത്ത വാജ്പേയി

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയം, 1994ല്‍ ഐക്യരാഷ്ട്രസഭയുടെ ജനീവ സമ്മേളനം നടക്കാന്‍ പോവുകയാണ്. കാശ്മീരിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇന്ത്യക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നമെന്ന് ഉറപ്പ്. ജനീവയില്‍ ഇന്ത്യയെ നയിക്കാന്‍ രാജ്യം നിയോഗിച്ചത് സര്‍വ സമ്മതനായ ഒരു നേതാവിനെയാണ്. 

Atal Bihari Vajpayee dead; former prime minister
Author
Delhi, First Published Aug 16, 2018, 7:37 PM IST

ദില്ലി: നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയം, 1994ല്‍ ഐക്യരാഷ്ട്രസഭയുടെ ജനീവ സമ്മേളനം നടക്കാന്‍ പോവുകയാണ്. കാശ്മീരിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇന്ത്യക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നമെന്ന് ഉറപ്പ്. ജനീവയില്‍ ഇന്ത്യയെ നയിക്കാന്‍ രാജ്യം നിയോഗിച്ചത് സര്‍വ സമ്മതനായ ഒരു നേതാവിനെയാണ്. അദ്ദേഹത്തിന്‍റെ കഴിവില്‍ എതിരാളികള്‍ക്ക് പോലും വിശ്വാസമേറെയുണ്ടായിരുന്നു. ജനീവയില്‍ ആ പ്രതിഭയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കപ്പെട്ടു. 

വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പത്രാധിപര്‍, മികച്ച പാര്‍ലമെന്‍റേറിയന്‍, വാഗ്മി, കവി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങളുണ്ട് എ.ബി. വാജ്പേയ് എന്ന അടല്‍ ബിഹാരി വാജ്പേയ്ക്ക് ചാര്‍ത്തി നല്‍കാന്‍. ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണം എല്ലാത്തിനും മുകളില്‍ ഇത്രയും നാള്‍ പ്രതിഷ്ഠിക്കപ്പെട്ടെന്ന് മാത്രം. 

നമ്മളെ പോലെയുള്ള ഒരു വലിയ ജനത മനുഷ്യാവകാശ ദ്വംസനം സംബന്ധിച്ചുള്ള ഒരു പ്രശ്നത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത് മനുഷ്യാവകാശ ലംഘനമായിട്ടാണ് തോന്നുന്നത്. കാശ്മീരിലെ പ്രവര്‍ത്തിക്കള്‍ നല്ലതാക്കാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ ഇടയ്ക്കിടെ ജനീവ സമ്മേളനങ്ങള്‍ വേണ്ടി വരും. ഇങ്ങനെയുള്ള നിലപാടുകളാണ് വാജ്പേയ്‍യുടെ മുഖമുദ്ര. 

എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ നിലപാടുള്ള ബഹുമുഖ പ്രതിഭ, രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ സ്നേഹിച്ച നേതാവ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താമര വിരിയിച്ച നേതാവെന്ന പേരല്ല വാജ്പേയ്ക്ക് ചാര്‍ത്തി കൊടുക്കേണ്ടത്, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിനെക്കാള്‍ എത്രയോ വലുതായിരുന്നു. പല ഘട്ടങ്ങളില്‍ രാഷ്ട്രീയപരമായി എതിര്‍ക്കുമ്പോഴും ജവഹര്‍ലാല്‍ നെഹ്റുവിനോട് ചില കാര്യങ്ങളില്‍ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. 

സംഘപരിവാര്‍ ആശയങ്ങള്‍ക്കൊപ്പം ലിബറല്‍ ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന വാജ്പേയ് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് കണ്ട് പഠിക്കാന്‍ ഒരുപാട് മാതൃകകള്‍ അവശേഷിപ്പിച്ചിട്ടാണ് പോകുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് പത്തു വര്‍ഷത്തിന് ശേഷമാണ് വാജ്പേയ് ലോക്സഭയില്‍ എത്തുന്നത്. അന്ന് അദ്ദേഹത്തിന് വെറും മുപ്പത് വയസ് പ്രായം. പാര്‍ലമെന്‍റില്‍ വ്യക്തമായ ഭാഷയില്‍ തന്‍റെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാവ്യാത്മകമായി സംസാരിക്കാന്‍ സാധിക്കുന്ന അദ്ദേഹത്തിന്‍റെ വാക് ചാതുര്യം പാര്‍ലമെന്‍റിനെ പല വട്ടം കോരിത്തരിപ്പിച്ചിട്ടുണ്ട്. 

എതിര്‍ക്കുമ്പോള്‍ തന്നെ നെഹ്റു വാജ്പേയിയുടെ വാക്കുകളെ ബഹുമാനിച്ചു. ലോക്സഭയിലെ കന്നി പ്രസംഗം തന്നെ രാജ്യത്തിന്‍റെ വിദേശ നയത്തെപ്പറ്റിയാണ് അദ്ദേഹം നടത്തിയത്. നെഹ്റുവിനെ തുടര്‍ന്ന് വന്ന നേതാക്കളും വാജ്‍പേയ്‍യുടെ വാക്കുകളെ ഗൗനിച്ചു മുന്നോട്ട് പോയി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജയില്‍ വാസം അനുഭവിച്ചു. 1977ല്‍ ഇന്ദിര ഗാന്ധിയെ പിന്തള്ളി ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദേശകാര്യ മന്ത്രിയായി. 1979ല്‍ ആ സര്‍ക്കാര്‍ താഴെ വീണു. 

1980ല്‍ ബിജെപി രൂപീകരിക്കുന്നതില്‍ മുന്നില്‍ നിന്ന അദ്ദേഹം പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷനുമായി. 1996ല്‍ അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി കസേരയിലെത്തി. പതിമുന്ന് ദിവസങ്ങള്‍ മാത്രമായിരുന്നു അതിന്‍റെ ആയുസ്. 1998 വീണ്ടും തെരഞ്ഞെടുപ്പ് നടന്നു, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നെങ്കിലും 13 പാര്‍ട്ടികളുടെ പിന്തുണയോടെ വാജ്പേയ് വീണ്ടും അധികാരത്തില്‍ വന്നു. 1999ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഭുരിപക്ഷം ആര്‍ക്കും ഇല്ലാതെ പോയതോടെ എന്‍ഡിഎ (ദേശീയ ജനാധിപത്യ സഖ്യം) വാജ്പേയ്‍യുടെ നേതൃത്വത്തില്‍ ഭരണം ഏറ്റെടുത്തു. 

അഞ്ചു വര്‍ഷം ഭരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതിനിടെയില്‍ കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്‍റ് ആക്രമണം അടക്കമുള്ള പ്രശ്നങ്ങള്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ കാര്‍ക്കശ്യമുള്ള ഭരണകര്‍ത്താവായി അദ്ദേഹം. പൊഖ്റാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നതും വാജ്പേയ്‍യുടെ കാലത്താണ്. 2004ലും അദ്ദേഹം മത്സരിച്ച് ജയിച്ചെങ്കിലും എന്‍ഡിഎയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താനായില്ല. പക്ഷേ, യുപിഎ സര്‍ക്കാരിനെ സമര്‍ദ്ദത്തിലാക്കുന്ന വാക്കുകളുമായി സഭയില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം നിര്‍ണായകമായി. 

2009 ല്‍ അനാരോഗ്യം കാരണം സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നുള്ള എംപിയായി അദ്ദേഹം തുടര്‍ന്നു. 1924 ല്‍ ഗ്വാളിയോറില്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായി ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. കവിയും സ്കൂള്‍ അധ്യാപകനുമായ അച്ഛന്‍റെ പാത അദ്ദേഹവും പിന്തുടര്‍ന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്‌കൃതത്തിലും ബിരുദം കരസ്ഥമാക്കി. ഗ്വാളിയോറിലെ വിക്ടോറിയ കോളജിലായിരുന്നു വാജ്പേയ്‍യുടെ കലാലയ കാലം. 

കാണ്‍പുരിലെ ദയാനന്ദ് ആംഗ്ലോ വേദിക് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. സംഘപരിവാര്‍ രാഷ്ട്രീയത്തിനോട് ചേര്‍ന്നു നിന്ന അദ്ദേഹം തുടക്കകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എഐഎസ്എഫില്‍ ആയിരുന്നു. പിന്നീട് ആര്യ സമാജത്തിന്‍റെ യുവജന പ്രസ്ഥാനത്തില്‍ അംഗമായി. ദീന്‍ ദയാല്‍ ഉപാധ്യായില്‍ ആകൃഷ്ടനായതോടെ ആര്‍എസ്എസിന്‍റെ സജീവ പ്രവര്‍ത്തകനായി വാജ്പേയ് മാറി. 

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം മറവി രോഗം കീഴ്പ്പെടുത്തിയതോടെ വീടിനുള്ളിലേക്ക് അദ്ദേഹം ഒതുങ്ങി. 2014ല്‍ ഭാരത്‍രത്നം നല്‍കി രാജ്യം വാജ്പേയിയെ ആദരിച്ചു. സംഘപരിവാര്‍ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് പോലും സ്വീകാര്യനായ വ്യക്തി എന്നതാണ് മറ്റ് നേതാക്കളില്‍നിന്ന് വാജ്പേയിയെ വ്യത്യസ്തനാക്കുന്നത്. 

Follow Us:
Download App:
  • android
  • ios