പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയി മോദിയുടെ രാജി ആവശ്യപ്പെട്ട ആ സംഭവത്തെ കുറിച്ച്...

ദില്ലി: കുപ്രസിദ്ധമായ ഗുജറാത്ത് വംശീയകലാപകാലത്ത്(2002) മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാന്‍ ഒരുക്കമായിരുന്നു അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയി. ഗുജറാത്തിലെ അനിഷ്‌ട സംഭവങ്ങളില്‍ നിന്ന് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മുഖം രക്ഷിക്കാന്‍ രാജി ആവശ്യപ്പെടുക എന്നത് മാത്രമായി പ്രധാനമന്ത്രിയുടെ മുന്നിലുള്ള പോംവഴി. ഉപപ്രധാനമന്ത്രിയായ എല്‍കെ അധ്വാനിയുടെ അസ്വാരസ്യങ്ങള്‍ വാജ്പേയിയെ പിന്തിരിപ്പിക്കുകയാണുണ്ടായത്. 

എന്നാല്‍ മോദിയുടെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തനായിരുന്നു വാജ്പേയി. മോദി 'രാജ്യധര്‍മ്മം' കൃത്യമായി പാലിക്കുന്നു എന്ന് വിശ്വസിക്കുന്നതായി കലാപപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി പ്രതികരിച്ചു. ഭരണത്തില്‍ ജാതി, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ ആരും കാണിക്കില്ല എന്നും പറഞ്ഞു. ഗുജറാത്ത് കലാപത്തെ വലിയ ദുരന്തം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഗുജറാത്തിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് അതൃപ്തി കൂടുതല്‍ വ്യക്തമാക്കി. 

ഗോധ്രാ തീവെപ്പ് ആക്സ്മികമായുണ്ടായ അപകടമല്ല. എന്നാല്‍ ആഴത്തിലുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ട്. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും വിദേശശക്തികളുടെ ഇടപെടലുണ്ടോ എന്ന് ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അറിയം. ഗോധ്രാ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രിയുടെ പ്രതികരണമിങ്ങനെയായിരുന്നു. വിവേചനങ്ങളില്ലാതെ ഉത്തരവാദിത്വം കാട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് അദേഹം ആവശ്യപ്പെട്ടു. 

സങ്കീര്‍ണമായ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച്ച വന്നെന്ന് സമ്മതിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്നും അദേഹം നിലപാടെടുത്തു. പിന്നാലെ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ട് മീറ്റിംഗില്‍ മോദി രാജി സന്നദ്ധത അറിയിച്ചു. ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലവും പരിവര്‍ത്തനഘട്ടങ്ങളും വിശദീകരിച്ചായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ 'രാജി അരുത്' എന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുറവിളികൂട്ടി. 

ഇതോടെ കലാപകാലത്തെ മോദിയുടെ രാജിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു.