മന്ത്രിയായി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അതിരപ്പിള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും പിന്തുണച്ചതോടെ വിവാദം ശക്തമായി. സിപിഐ അടക്കം പദ്ധതിക്കെതിരെ രംഗത്തെത്തിയതോടെ സർക്കാർ നിലപാട് മയപ്പെടുത്തി. 

എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് നിയമസഭയിൽ രേഖാമൂലം മന്ത്രി നൽകിയ മറുപടി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന പ്രൊഫ. എൻ ജയരാജിൻറെ ചോദ്യത്തിന്, നടപടികൾ സ്വീകരിച്ച് വരുന്നു എന്നാണ് മറുപടി. 

പരിസ്ഥിതി അനുമതിയുടെ കാലാവധി കേന്ദ്രം നീട്ടിനൽകിയിട്ടുണ്ടെന്നും എന്നാൽ ജനങ്ങളുടെ എതിർപ്പ് കാരണം പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നും മറുപടിയിലുണ്ട്. 

സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാർ ആവർത്തിച്ചു. മന്ത്രിയുടെ നിലപാടിനോടുള്ള സിപിഐയുടെ പ്രതികരണം ഇങ്ങിനെ സമവായത്തിലൂടെയാണെങ്കിലും പദ്ധതി അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.