ഹിമയോട് മാപ്പ് പറഞ്ഞ് അത്‍ലറ്റിക് ഫെഡറേഷൻ പറയാനുദ്ദേശിച്ചത് അതായിരുന്നില്ല വേദനിപ്പിച്ചെങ്കിൽ എല്ലാ ഇന്ത്യാക്കാരോടും മാപ്പപേക്ഷിക്കുന്നു

ഫിൻലാൻഡ്: ലോക അത്‍ലറ്റിക്സിൽ ചരിത്രം കുറിച്ച അസം സ്വദേശി ഹിമാ ദാസിനോട് മാപ്പ് പറഞ്ഞ് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ.​ ഹിമയുടെ ഇം​ഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിച്ചു കൊണ്ടായിരുന്നു ഫെഡ‍റേഷന്റെ ട്വീറ്റ്. ഹിമാ ദാസിനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിൽ ''പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും പ്രകടനം കുഴപ്പമില്ല'' എന്നൊരു പരാമർശമുണ്ടായിരുന്നു. താരത്തിന്റെ നേട്ടത്തെ വിലകുറച്ചു കാണിക്കുന്നതാണ് ഈ ട്വീറ്റ് എന്നൊരു ആരോപണവും ഉയർന്നു വന്നിരുന്നു. സംഭവം വിവാദമായതോടെ അത്‍ലറ്റിക് ഫെഡറേഷൻ മാപ്പ് പറയുകയും ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

Scroll to load tweet…

''ഞങ്ങളുടെ ട്വീറ്റുകളിൽ ഏതെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിൽ എല്ലാ ഇന്ത്യക്കാരോടും മാപ്പപേക്ഷിക്കുന്നു. ഏത് സാഹചര്യങ്ങളെയും മറികടക്കാൻ വിപദിധൈര്യമുള്ള വ്യക്തിയാണ് ഹിമ എന്നാണ് ഞങ്ങൾ പറയാനുദ്ദേശിച്ചത്. ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്നിട്ടും വിദേശ മാധ്യമപ്രവർത്തകരോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ഹിമയ്ക്ക് സാധിച്ചു. ഒരിക്കൽക്കൂടി ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ജയ്ഹിന്ദ്.'' - മാപ്പ് പറഞ്ഞ് കൊണ്ട് ഫെഡറേഷൻ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദിയിലായിരുന്നു ഈ ട്വീറ്റ് 

അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ 51.46 സെക്കന്‍ഡിലാണ് ഹിമ ദാസ് സ്വർണ്ണനേട്ടം കൈവരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് ഈ ട്വീറ്റ് കാരണമായിരുന്നു. നിരവധി പേരാണ് അത്‍ലറ്റിക് ഫെഡറേഷന് എതിരെ ട്വിറ്ററിൽ പ്രതികരിച്ചത്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ താരത്തിന്റെ പ്രകടനത്തില്‍ അഭിനന്ദിക്കുന്നതിന് പകരം അപമാനിക്കുകയാണ് ഇത്തരം ട്വീറ്റിലൂടെ ചെയ്തതെന്ന് മിക്കവരും പ്രതിഷേധം രേഖപ്പെടുത്തി.