സംസ്ഥാനത്തെ എടിഎമ്മുകള്‍ കാലി. അഞ്ച് ദിവസത്തെ ബാങ്ക് അവധി തുടങ്ങിയതോടെയാണ് എടിഎമ്മുകളില്‍ പണം തീര്‍ന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എടിഎമ്മുകളില്‍ പണം നിറയ്ക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഓണപ്പാച്ചിലൊന്നുമല്ല ഇപ്പോള്‍ നാടെങ്കും പണമുള്ളൊരു എടിഎം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.

പണം പിന്‍വലിക്കല്‍ പോലെ തന്നെ നിക്ഷേപവും മുടങ്ങുന്നു.

കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച , ഇന്ന് ഞായര്‍, നാളെ ബക്രീദ് പിന്നെ ഓണം. അഞ്ച് ദിവസത്തെ ബാങ്ക് അവധിയില്‍ നട്ടംതിരിയുകയാണ് പൊതു ജനം.

അത്യാവശ്യക്കാര്‍ക്കു പണം കിട്ടാത്ത അവസ്ഥ വരരുത് എന്നും അടിയന്തരമായി ബാങ്കുകള്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഓണത്തിരക്ക് കണക്കിലെടുത്ത് പണം തീരുന്ന മുറയ്ക്ക് പണം എത്തിക്കുമെന്നാണ് ബാങ്കുകളുടെ വിശദീകരണം. മൂന്നാം ഓണത്തിന് വ്യാഴാഴ്ച മാത്രമേ ഇനി ബാങ്ക് തുറക്കൂയ ഗുരുജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച വീണ്ടും അവധിയായിരിക്കും.