തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ എടിഎം തട്ടിപ്പ്. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ വിനോദിന്റെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഓണ്‍ലൈനിലൂടെ ഒരു ലക്ഷത്തിമൂവായിരം രൂപ തട്ടിയെടുത്തതായാണ് പരാതി.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. അക്കൗണ്ടില്‍ നിന്നും 24,000 രൂപ ഇ വാലറ്റിലേക്ക് മറ്റുവാനുള്ള ഒറ്റത്തവണ രഹസ്യനമ്പര്‍ അഥവാ ഒടിപി മൊബൈലിലേക്ക് എസ്എംഎസ് ആയി വന്നു. ഉടന്‍ തന്നെ വിനോദ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചു. ബാങ്കില്‍ വിളിച്ച് പരാതിയറിയിക്കുന്നതനായി വേണ്ടി വന്ന 15 മിനുട്ടിനകം അക്കൗണ്ടിലെ പണം വിവിധ ഇ വാലറ്റുകളിലേക്ക് മാറ്റുന്നതായുള്ള മെസ്സേജുകള്‍ വന്നു. 

ഇങ്ങനെ ഒരു ലക്ഷത്തി മൂവായിരം രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. ഒടിപി നമ്പര്‍ താന്‍ ആരുമായും പങ്കുവച്ചിട്ടില്ലെന്ന് വിനോദ് ഉറപ്പിച്ചു പറയുന്നു. വിനോദിന്റെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇത്രയധികം രൂപ നഷ്ടമായിട്ടും ബാങ്കിന്റെ ഭാഗത്തു യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ലെന്നും വിനോദ് ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ വിനോദിന്റെ പരാതിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു.