തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎമ്മുകളില്‍നിന്നു പണം കവര്‍ന്നതു നാലംഗ സംഘമാണെന്നു പൊലീസ്. റൊമാനിയക്കാരനായ നാലാമത്തെയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളടക്കം മൂന്നു പ്രതികള്‍ വിദേശത്തേക്കു കടന്നതായാണു വിവരം. ഒരാളെ ഇന്നലെ മുംബൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയോണ്‍ സ്ലോറിന്‍ എന്ന റൊമേനിയക്കാരനെയാണ് ഇന്നു പൊലീസ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മറ്റ് അംഗങ്ങളായ ഫ്ലോറിയന്‍, ക്രിസ്റ്റെന്‍ വിക്ടര്‍ എന്നിവര്‍ക്കൊപ്പം ഇയാളും വിദേശത്തേക്കു കടന്നു. മുംബൈയില്‍ അറസ്റ്റിലായ പിടിയിലായ റൊമാനിയന്‍ സ്വദേശി മരിയന്‍ ഗബ്രിയേലിനെ ചോദ്യം ചെയ്തതില്‍നിന്നാണു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്.

ഇന്നലെ രാത്രിയോടെയാണു മരിയന്‍ ഗബ്രിയേലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചോദ്യം ചെയ്യുകയാണ്. ഇയാളെ ഇന്നു കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഇത്ര വലിയ ഒരു തട്ടിപ്പിനു പിന്നില്‍ ഇവര്‍ നാലു പേരും മാത്രമാണോ അതോ വലിയ റാക്കറ്റ് ഇതിനു പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് ഗൗരവമായ അന്വേഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ വര്‍ളിയില്‍ ക്യാംപ് ചെയ്തതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ ഇന്നലെ വൈകിട്ടും തിരുവനന്തപുരത്ത് ഒരാള്‍ക്കു ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായ പരാതിയുണ്ട്. ഇത് അന്വേഷണ സംഘത്തെയും ബാങ്ക് അധികൃതരേയും കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്.