തൃശൂര്‍: കൊച്ചിയിലേയും തൃശൂരിലേയും എടിഎം കവര്‍ച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്. ഒക്ടോബര്‍ 12ന് പുലര്‍ച്ചെ എറണാകുളം ഇരുമ്പനത്തും തൃശൂരിലും എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനിയെ ആണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

രാജസ്ഥാനിലും ദില്ലിയിലും തിരച്ചില്‍ നടത്തിയ അന്വേഷണസംഘമാണ് ബൈക്ക് മോഷണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന രാജസ്ഥാന്‍ സ്വദേശി പപ്പി മിയോയുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തിയത്. എടിഎം കവര്‍ച്ചാക്കേസിലെ ആദ്യ അറസ്റ്റാണിത്. പ്രതിയെ കേരളത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങി. പ്രതി മറ്റൊരു കേസില്‍ ജയിലില്‍ ആയതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ കേരളത്തിലേക്ക് കൊണ്ട് വരാനാകൂ.

തൃപ്പൂണിത്തുറ കോടതി വഴി അന്വേഷണസംഘം പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ സമര്‍പ്പിച്ചു. ഈ മാസം 14 ന് മുന്‍പ് പപ്പി മിയോയെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ നിരവധി എടിഎം കവര്‍ച്ചാക്കേസുകളിലെ പ്രതിയാണ് പപ്പി മിയോ. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

അഞ്ചിലധികം പേര്‍ ചേര്‍ന്നാണ് എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. തൃപ്പൂണിത്തുറ സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാജസ്ഥാനില്‍ ക്യാപ് ചെയ്ത് വരികയാണ്.