കണ്ണൂർ: മാങ്ങാട് സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് ഇരുപതിനായിരത്തിലധികം രൂപ കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൗണ്ടർ തകർത്താണ് പണം കവർന്നത്. ജില്ലയിലെ എടിഎമ്മുകൾ തുടർച്ചയായി തകർക്കുന്നത് പൊലീസിനും തലവേദനയാകുന്നു.

ദേശീയപാതയിൽ മാങ്ങാട് കവലയിലുള്ള വൺ ഇന്ത്യ എന്ന സ്വകാര്യ കമ്പനിയുടെ എടിഎമ്മാണ് തകർത്തത്. രാവിലെ എട്ടരയോടെ സ്ഥലത്തെത്തിയ കെട്ടിട ഉടമയാണ് കവർച്ച നടന്നത് ആദ്യം കാണുന്നത്.

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്താണ് പണം കവർന്നത്. ഇരുപതിനായിരത്തിലധികം രൂപ നഷ്ടമായന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എടിഎം സ്ഥാപിച്ചിരിക്കുന്ന കമ്പനിയുടെ സാങ്കേതിക വിഭാഗം കൂടി പരിശോധന നടത്തിയ ശേഷമേ യഥാർത്ഥ കണക്ക് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. എടിഎം കണ്ടറിനുള്ളിലെ സിസിടിവി ക്യാമറകൾ കവർച്ചാ സംഘം തകർത്തെങ്കിലും മുകൾ നിലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പുലർച്ചെ മൂന്ന് മണിയോടെ വാഹനത്തിലെത്തിയ കവർച്ചാസംഘത്തിന്‍റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ എടിഎമ്മുകളിൽ കവർച്ച വ്യാപകമാകുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. വടക്കൻ ജില്ലകളിൽ എടിഎമ്മുകൾ ലക്ഷ്യമിട്ട് കവർച്ചാസംഘം കറങ്ങുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും സ്ഥരീകരിക്കുന്നു.