ആലപ്പുഴ: ജില്ലയില്‍ മൂന്നിടത്ത് എടിഎമ്മുകള്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിലായി. ബാങ്ക് മോഷണം പ്രമേയമായ സിനിമകളാണ് ഇവർക്ക് പ്രേരണയായത്. മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണിവര്‍.
അന്പലപ്പുഴ സ്വദേശികളായ 21കാരന്‍ ബിബിന്‍ ജോണ്‍സണ്‍, 18 വയസുകാരായ ആഷിഖ്, ഗോകുല്‍ എന്നിവരെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര idbi ബാങ്ക്, കരുവാറ്റ വിജയ ബാങ്ക്, പൈനുംമൂട് ധനലക്ഷ്മി ബാങ്ക് എന്നിവയുടെ എടിഎമ്മുകളാണ് ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 24, 25 തീയതികളിലായിരുന്നു മോഷണശ്രമം. മുഖംമൂടി ധരിച്ചായിരുന്നു എടിഎം കൗണ്ടറിനുള്ളില്‍ കയറിയിരുന്നതെന്നതിനാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ആദ്യഘട്ടത്തില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് മൂന്ന് എടിഎമ്മുകളുടേയും സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്കെത്തുകയായിരുന്നു. മൂന്നിടത്തുനിന്നും പ്രതികളുടെ വാഹനങ്ങള്‍ അന്പലപ്പുഴ ഭാഗത്ത് വന്ന് നിന്നതാണ് വഴിത്തിരിവായത്. ഇന്‍ര്‍നെറ്റിലുള്‍പ്പെടെ തിരഞ്ഞാണ് atm കവര്‍ച്ചക്ക് പ്രതികള്‍ ഒരുങ്ങിയത്.
തിരുവല്ലക്ക് സമീപം പൊടിയാടിയില്‍ വ്യാപാരസ്ഥാപനത്തിന്‍റെ ഉടമയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു. അന്പലപ്പുഴ, നൂറനാട്, കക്കാഴം എന്നിവിടങ്ങളില്‍ മാല മോഷ്ടിച്ച കേസുകളിലും ഇവര്‍ പ്രതികളാണ്. iti വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയിരുന്നത്.
