പിന്‍വലിച്ച അഞ്ഞൂറിന്‍റെയും ആയിരത്തിന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ ബാങ്കുകള്‍ നീക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം തുറക്കുന്നതിനാല്‍ എടിഎമ്മുകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. തീരുന്ന മുറയ്ക്ക് ലഭ്യമാകുന്ന പണം എടിഎം മെഷീനില്‍ നിറയ്ക്കാനാണ് നിര്‍ദ്ദേശം. ഒരാള്‍ക്ക് രണ്ടായിരം രൂപ മാത്രമാണ് പ്രതിദിനം പിന്‍വലിക്കാനാവുക.

പണ ലഭ്യതയുടെ പ്രശ്‌നം പരിഹരിക്കാന്‍ ബാങ്കുകളില്‍ ഇന്നും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ 4000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം. ചെക്ക് വഴി പതിനായിരം രൂപയും മാറ്റിയെടുക്കാം. അതേസമയം എത്ര വലിയ തുകയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ല.

പഴയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇന്ന് കൂടി മാത്രമേ പെട്രോള്‍ പമ്പുകള്‍, റെയില്‍വേ തുടങ്ങിയ ഇടങ്ങളില്‍ സ്വീകരിക്കൂ. എന്നാല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളിലൂടെ വലിയ നോട്ടുകള്‍ മാറ്റാം.