അജ്മാനില്‍ മലയാളിയുടെ ഉടമസ്തതയിലുള്ള കമ്പനിയില്‍ തൊഴിലാളികള്‍ക്ക് ദുരിതം. വൃത്തിഹീനമായ താമസയിടം നന്നാക്കാന്‍ ആവശ്യപ്പെട്ടതിന് മര്‍ദ്ദിച്ച് തെരുവിലിറക്കി വിട്ടതായി തൊഴിലാളികള്‍ ആരോപിച്ചു. ഭക്ഷണം പോലുമില്ലാതെ 18 ഇന്ത്യന്‍ തൊഴിലാളികളാണ് അജ്മാനിലെ റോഡരികില്‍ കഴിയുന്നത്‍. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിച്ചു കൊടുക്കുമെന്ന് ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അജ്മാന്‍ അല്‍ എതിഫാഖ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ് വൃത്തിഹീനമായ താമസയിടം നന്നാക്കാന്‍ ആവശ്യപ്പെട്ട് ഉടമയെ സമീപിച്ചപ്പോള്‍ മര്‍ദ്ദിച്ച് ഇറക്കി വിടപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി അജ്മാന്‍ ബസ്റ്റാന്‍റിനു സമീപമുള്ള പാര്‍ക്കിലാണ് ഇവര്‍ കഴിയുന്നത്. ഏതെങ്കിലും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഭക്ഷണം കൊടുത്താല്‍ കഴിക്കും. പാര്‍ക്കിലെ പുല്‍തകിടിയിലാണ് ചുട്ടുപൊള്ളുന്ന വെയിലില്‍ രാവും പകലും തള്ളി നീക്കുന്നത്. ഇന്ത്യക്കാരായ 18 തൊഴിലാളികളാണ് മലയാളി ഉടമസ്തന്റെ അനാസ്ഥ മൂലം പെരുവഴിയിലായത്. എങ്ങനെയെങ്കിലും തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കമ്പനി ഉടമയ്‌ക്കെതിരെ ലേബര്‍ കോടതിയെ സമീപിച്ച തൊഴിലാളികള്‍ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലാണ്. അതേസമയം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ കമ്പനിക്ക് എതിരാക്കുകയായിരുന്നുവെന്ന് തിരുവനന്തപുരം സ്വദേശിയായ ഉടമ പറഞ്ഞു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിച്ചുകൊടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
