മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ദേഹമാസകലം തല്ലിച്ചതച്ച യുവതി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ. കണ്ണൂർ മുഴപ്പിലങ്ങാട്, തിരുവോണ ദിനത്തിലാണ് ഭാര്യയെ മർദിച്ചവശയാക്കിയ ശേഷം ഇവർ ജോലി ചെയ്തുണ്ടാക്കിയ പണവുമായി ഭർത്താവ് കടന്നുകളഞ്ഞത്. പൊലീസ് കേസ് ഗൗരവമായടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
ഭർത്താവ് നോക്കാത്തതിനാൽ രണ്ട് മക്കളടങ്ങുന്ന കുടുംബത്തെ വീട്ടുജോലി ചെയ്ത് പോറ്റുന്ന യുവതിയെയാണ് മദ്യപിക്കാൻ പണം നൽകാത്തതിന് തല്ലിച്ചതച്ചിരിക്കുന്നത്. പുറം മുതൽ കണങ്കാൽ വരെ ഉടനീളം ഭർത്താവ് സിയാദ് പുളിവടി കൊണ്ട് അടിച്ച് നീലിച്ച പാടുകൾ. കഴുത്ത് ഞെരിച്ച ശേഷം, നിലത്ത് വലിച്ചിഴച്ച് വസ്ത്രങ്ങളും പറിച്ചെറിഞ്ഞായിരുന്നു മർദനം. ശേഷം വീട്ടിലുണ്ടായിരുന്ന പണം മുഴുവൻ എടുത്ത് കൊണ്ടുപോയി.. വർഷങ്ങളായി തുടരുന്ന പീഡനത്തിൽ, എഴുന്നേറ്റിരിക്കാൻ പോലും ബുദ്ധിമുട്ടുന്ന യുവതിക്ക് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളു..
വധശ്രമം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഞങ്ങളെത്തുന്ന സമയം വരെ മൊഴിയെടുത്തിട്ടില്ല. ഭർത്താവിനെയും പിടികൂടിയിട്ടില്ല. ഇതോടെ വനിതാകമ്മിഷനെയടക്കം സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. ഇയാൾ മറ്റു വിവാഹം കഴിച്ചിട്ടുണ്ടെന്നും, മറ്റുകേസുകളും അന്വേഷിക്കണമെന്നുമുള്ള ആവശ്യവും ഇവർ മുന്നോട്ട് വെക്കുന്നുണ്ട്.
