കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ രോഗിയുടെ ബന്ധുവായ പൊലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇഖ്റ ആശുപത്രിയിലെ ലിഫ്റ്റ് ഓപറേറ്റര്‍ അക്ഷയ് കാന്തിനെ മര്‍ദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്.പരിക്കേറ്റ അക്ഷയ് കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ക്ക് മര്‍ദ്ദനമേറ്റത്. എ.ആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അക്ഷയ് കാന്ത് പറഞ്ഞു. രോഗികള്‍ക്ക് മാത്രമുള്ള ലിഫ്റ്റില്‍ ഭക്ഷണവുമായി കയറിയത് തടഞ്ഞതിനെ തുടര്‍ന്നായിരുന്നുവത്രെ മര്‍ദ്ദനം.

മുസ്തഫ മര്‍ദ്ദിക്കുമ്പോള്‍ സഹായവുമായി ഒരാള്‍ കൂടി സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ഇത് അയാളുടെ സഹോദരനാണെന്ന് പോലീസ് വ്യക്തമാക്കി. മുസ്തഫയ്ക്ക് എതിരേ കേസെടുത്തിട്ടുണ്ട്. അതേസമയം അക്ഷയ് കാന്തിനെതിരെ മുസ്തഫയും പരാതി നല്‍കിയിട്ടുണ്ട്.