പാലക്കാട്: ഒറ്റപ്പാലത്ത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒളിവില്‍. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

ആര്‍എസ്എസ് ജില്ലാ പ്രചാരകും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ വിഷ്ണു, നെല്ലായം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, മോനു എന്നിവര്‍ക്കായാണു പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഞാറയ്ക്കലില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണു വിഷ്ണു. മറ്റു പ്രതികള്‍ക്കെതിരെയും നേരത്തെ കേസുകളുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. പ്രതികള്‍ രഹസ്യ കേന്ദ്രത്തിലേക്കു മാറിയെന്നും സൂചനയുണ്ട്.

സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.